25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 20,000 രൂപയുടെ വള്ളം ടൂറിസ്റ്റ് ബോട്ടാക്കി, 16–ാം ദിവസം ജലദുരന്തം; അനങ്ങാതെ തുറമുഖ വകുപ്പ്
Kerala

20,000 രൂപയുടെ വള്ളം ടൂറിസ്റ്റ് ബോട്ടാക്കി, 16–ാം ദിവസം ജലദുരന്തം; അനങ്ങാതെ തുറമുഖ വകുപ്പ്

അനാസ്ഥ കൊണ്ടു വിളിച്ചുവരുത്തിയ ദുരന്തമെന്നു വ്യക്തമായ താനൂർ ബോട്ടപകടത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിനോദയാത്രാ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ 22 പേരാണു മരിച്ചത്. അന്വേഷണ സമിതിയിൽ സാങ്കേതിക വിദഗ്ധരുമുണ്ടാകുമെന്നു മരിച്ചവരുടെ വീടുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. മലപ്പുറം എസ്പി എസ്.സുജിത് ദാസ് മേൽനോട്ടം വഹിക്കും.

ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്.

മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ എല്ലാവർക്കുമുണ്ടായിരുന്നില്ലെന്നു തുറമുഖ വകുപ്പ് റിപ്പോർട്ട് ചെയ്തു.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. രാത്രി പന്ത്രണ്ടരയോടെ അവസാന മൃതദേഹവും കണ്ടെത്തി. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

ജീവനക്കാർ ഉൾപ്പെടെ 26 പേർക്കു യാത്ര ചെയ്യാമെന്നാണു കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗത്തിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പെടെ 22 പേർക്കാണു യാത്രാനുമതിയുള്ളത്. 39 പേരെങ്കിലും ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരമെങ്കിലും കൃത്യമായ കണക്കില്ല. 8 വയസ്സുകാരനെ കാണാനില്ലെന്ന സംശയത്തിൽ നാവികസേനയും തീരസേനയും ഉൾപ്പെടെ ഇന്നലെ തിരച്ചിൽ തുടർന്നെങ്കിലും കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടെന്നു പിന്നീടറിഞ്ഞു. മറ്റാരെക്കുറിച്ചും പരാതി കിട്ടാത്തതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു.

രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. എല്ലാവരുടെയും സംസ്കാരം നടത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും റിപ്പോർട്ട് തേടി.

കുടുംബങ്ങൾക്ക് 12 ലക്ഷം വീതം നഷ്ടപരിഹാരം

മലപ്പുറം ∙ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 2 ലക്ഷം വീതം സഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സച്ചെലവ് പൂർണമായി സംസ്ഥാന സർക്കാർ വഹിക്കും.

ബോട്ടിന് റജിസ്ട്രേഷനില്ല, സ്രാങ്കിന് ലൈസൻസും; സർവീസ് തുടങ്ങി 16–ാം ദിവസം ദുരന്തം

പൊന്നാനി ∙ അപകടത്തിൽപെട്ട ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ റജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നു തെളിഞ്ഞു. ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മാർച്ച് 23നു കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം ബോട്ടിനു സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ആലപ്പുഴ പോർട്ട് ചീഫ് സർവേയറുടെ പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചു. എന്നാൽ, തുറമുഖ വകുപ്പിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് ഏപ്രിൽ 22നു സർവീസ് തുടങ്ങി. ഇതിന്റെ 16–ാം ദിവസമാണു ദുരന്തം സംഭവിച്ചത്. ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാനാണു സാധ്യത.

വീഴ്ചകൾ ഒന്നല്ല, പലത്

1. ബോട്ടുടമ നാസർ നേരത്തേ ഇതേ സ്ഥലത്ത് ബോട്ട് സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പൊന്നാനി കോസ്റ്റൽ പൊലീസ് റിപ്പോർട്ട് നൽകി.

2. അനധികൃത സർവീസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ഉല്ലാസ ബോട്ട് നടത്തിപ്പുകാരും പലതവണ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകി. നടപടിയുണ്ടായില്ല.

3. ബോട്ടപകട സാധ്യതയുണ്ടെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫെബ്രുവരിയിൽ മുന്നറിയിപ്പു നൽകിയതും അവഗണിക്കപ്പെട്ടു.

4. പല ബോട്ടുകളും അനുമതിയില്ലാതെയാണ് സർവീസ് നടത്തുന്നതെന്നു ജില്ലാ വികസനസമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു.

5. ഉല്ലാസ ബോട്ടുകളുടെ നിയമലംഘനങ്ങളിൽ നടപടിയെടുക്കേണ്ടത് തുറമുഖ വകുപ്പാണ്. പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ഒന്നും ചെയ്തില്ല.

Related posts

മുനിയറകള്‍ ഇനി അനാഥമാകില്ല; സംരക്ഷണ നടപടികളുമായി പഞ്ചായത്തും പോലീസും.*

Aswathi Kottiyoor

ലോക ടൂറിസം: റഷ്യ പുറത്തേക്ക്

Aswathi Kottiyoor

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.

Aswathi Kottiyoor
WordPress Image Lightbox