27.1 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • ഗതാഗതകുരുക്ക്, കാറിൽനിന്ന് ഇറങ്ങിയോടി അമ്മയും മകളും: 4 മിനിറ്റ് വൈകി,‍‘നീറ്റ്’ എഴുതാനായില്ല.
Peravoor

ഗതാഗതകുരുക്ക്, കാറിൽനിന്ന് ഇറങ്ങിയോടി അമ്മയും മകളും: 4 മിനിറ്റ് വൈകി,‍‘നീറ്റ്’ എഴുതാനായില്ല.


പയ്യന്നൂർ ∙ ദേശീയപാതയിലെ കുരുക്കിൽപ്പെട്ട് 4 മിനിറ്റ് വൈകിയ വിദ്യാർഥിക്കു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്’ എഴുതാനായില്ല. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി നയന ജോർജിന് പയ്യന്നൂർ പെരുമ്പ ലത്തീഫിയ ഇംഗ്ലിഷ് സ്കൂളിലായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് ഒന്നരയ്ക്കകമാണ് എത്തേണ്ടതെങ്കിലും മാതാപിതാക്കളായ ജോർജിനും റോസ്മേരിക്കുമൊപ്പം രാവിലെ ഒൻപതിനു തന്നെ വീട്ടിൽനിന്നിറങ്ങി. ജോർജാണ് ഡ്രൈവ് ചെയ്തത്. 62 കിലോമീറ്റർ 2 മണിക്കൂർ കൊണ്ട് ഓടിയെത്തേണ്ടതാണ്; 11നു പയ്യന്നൂരിലെത്തി ഭക്ഷണം കഴിച്ചു പരീക്ഷാഹാളിൽ കയറാമെന്ന പ്രതീക്ഷയിൽ രാവിലെ വീട്ടിൽനിന്ന് ഒന്നും കഴിച്ചതുപോലുമില്ല.

ദേശീയപാതയിലേക്കു കടക്കുന്ന കണ്ണൂർ ചാല വരെ കൃത്യസമയത്തെത്തി. പിന്നീടങ്ങോട്ട് ഗതാഗതക്കുരുക്കു വില്ലനായി. ഇവിടെനിന്നു പരീക്ഷാകേന്ദ്രം വരെ 46.3 കിലോമീറ്റർ. കണ്ണൂരും പള്ളിക്കുന്നും പുതിയതെരുവുമൊക്കെയുള്ള കുരുക്കിൽപെട്ട് 12 മണിയോടെ ഏഴിലോട്ട് എത്തിയപ്പോൾ അഴിയാക്കുരുക്ക്. എടാട്ട് കണ്ടെയ്നർ ലോറി റോഡിനു കുറുകെ കുടുങ്ങിയതായിരുന്നു കാരണം.12.45 ആയപ്പോൾ അമ്മയും മകളും കാറിൽനിന്നിറങ്ങി ഓടി; ഒരു കിലോമീറ്ററിലധികം. ഇവരുടെ സങ്കടം കണ്ട് റോഡിലുണ്ടായിരുന്നവർ കുട്ടിയെ ഒരു സ്കൂട്ടറിൽ കയറ്റിവിട്ടു. അമ്മ പിന്നാലെയോടി. നയന സ്കൂളിലെത്തുമ്പോൾ സമയം 1.34. നാലു മിനിറ്റ് മുൻപ് ഗേറ്റ് അടച്ചു. പിറകെയെത്തിയ അമ്മ ഗേറ്റിനു മുന്നിൽനിന്നു പൊട്ടിക്കരയുന്ന മകളെ കണ്ടു തളർന്നുവീണു. ഒടുവിൽ കാറുമായെത്തിയ ജോർജ് മകളെ ആശ്വസിപ്പിച്ചശേഷം ഭാര്യയെ ആശുപത്രിയിൽ എത്തിച്ചു. ഒരു വർഷം കോച്ചിങ്ങിനുപോയ ശേഷമാണു നയനയ്ക്ക് ഇന്നലെ പരീക്ഷ എഴുതാനാകാതെ പോയത്.

Related posts

കേരള കോ-ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor

എടത്തൊട്ടിയില്‍ വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox