• Home
  • Uncategorized
  • വകുപ്പു ഭരണം: വിവാദ ഉത്തരവ് പുനഃപരിശോധിക്കുന്നു; ഉത്തരവ് ഭരണ നിർവഹണ ചട്ടങ്ങളുടെ ലംഘനമെന്നു നിരീക്ഷണം
Uncategorized

വകുപ്പു ഭരണം: വിവാദ ഉത്തരവ് പുനഃപരിശോധിക്കുന്നു; ഉത്തരവ് ഭരണ നിർവഹണ ചട്ടങ്ങളുടെ ലംഘനമെന്നു നിരീക്ഷണം


തിരുവനന്തപുരം ∙ വകുപ്പു മേധാവികളുടെ അധികാരം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു നൽകി പൊതുഭരണ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുന്നു. ഭരണപരവും നിയമപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ ഉത്തരവിലെ പിഴവുകൾ പരിശോധിച്ചു തുടർ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നിർദേശം നൽകി.

ചീഫ് സെക്രട്ടറിയെ കാണിക്കാതെയും മന്ത്രിസഭയുടെ അംഗീകാരം വാങ്ങാതെയുമാണ് ഇത്തരമൊരു ഉത്തരവ് പൊതുഭരണ വകുപ്പ് ഇറക്കിയത്. ഉത്തരവ് ഭരണ നിർവഹണ ചട്ടങ്ങളുടെയും കേരള സർവീസ് ചട്ടങ്ങളുടെയും സ്പെഷൽ റൂളുകളുടെയും ലംഘനമാണെന്നു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരിൽ പലരും മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വകുപ്പു മേധാവികളും ഇതിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് സെക്രട്ടറിയെ കാണിക്കാതെ നേരിട്ടു ഫയൽ മുഖ്യമന്ത്രിക്ക് അയച്ച് അംഗീകാരം വാങ്ങി പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു നിയമക്കുരുക്ക് ആകുമെന്നു വ്യക്തമായ സാഹചര്യത്തിൽ ഉത്തരവിലെ പിഴവുകൾ കണ്ടെത്തുന്നതിനു പൊതുഭരണ വകുപ്പ് അധികൃതർ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ട്.

ഒന്നിലേറെ വകുപ്പുകളെ ബാധിക്കുന്ന നയ തീരുമാനം ചീഫ് സെക്രട്ടറി അംഗീകരിക്കണമെന്നാണു ഭരണ നിർവഹണച്ചട്ടങ്ങളുടെ വകുപ്പ് 33 ൽ പറയുന്നത്. ഇതു ലംഘിച്ചാണ് ഉത്തരവ്. ഭരണ നിർവഹണത്തിൽ കാതലായ മാറ്റം വരുത്തുന്ന സർക്കുലറുകളും ഉത്തരവുകളും ഇറക്കുന്നതിനു മുൻപു മന്ത്രിസഭയുടെ അംഗീകാരം വാങ്ങണം എന്നു ഇരുപത്തൊന്നാം വകുപ്പിൽ പറയുന്നു. വകുപ്പു മേധാവികളുടെ അധികാരം വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള നിർദേശങ്ങളും മന്ത്രിസഭ അംഗീകരിക്കണം എന്നാണു വകുപ്പ് 38 പറയുന്നത്. ഇതെല്ലാം ലംഘിക്കപ്പെട്ടു.

ഉത്തരവിലെ വാക്കുകളിലും പ്രയോഗങ്ങളിലും വാചകങ്ങളിലും പ്രശ്നമുണ്ട്. സർക്കാർ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കേരള സർവീസ് ചട്ടങ്ങളും വിവിധ വകുപ്പിലെ സ്പെഷൽ റൂളുമാണു ബാധകം. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ സർക്കാർ ഉത്തരവിലൂടെ കാര്യങ്ങൾ നടപ്പാക്കിയാൽ നിയമപരമായി നിലനിൽക്കില്ല. ഈ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ തീരുമാനം എടുത്താലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.

Related posts

വാഹന ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

വലിയ മോഹങ്ങളുമായി യുഎസിൽ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം; അബ്ദുൽ അറഫാത്തിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox