വന്ദേഭാരത് എക്‌സ്‌പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് യാത്ര ചെയ്തവർക്കാണ് ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചത്. ടിക്കറ്റിനൊപ്പം ഇവർ ഭക്ഷണവും ബുക്ക് ചെയ്തിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശി കെ ടി മോഹൻരാജ് കാസർകോട് സ്‌റ്റേഷൻ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി.
വന്ദേഭാരതിന്റെ ഇ വൺ കമ്പാർട്ട്‌മെന്റിൽ ഏഴുപേരടങ്ങുന്ന സംഘമായാണ് ഇവർ യാത്ര ചെയ്തത്. ഇനിയാർക്കും ഈ അനുഭവം ഉണ്ടാകരുതെന്നും അതിനാണ് പരാതി നൽകിയതെന്നും മോഹൻരാജ് പറഞ്ഞു. സമയം പാലിക്കാനാകാതെ വിവിധ സ്‌റ്റോപ്പുകളിൽ വന്ദേഭാരത് വൈകിയോടുന്നത് ഇതിനോടകം പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.