ഇരിട്ടി: 126 കോടി രൂപ ചിലവിൽ റീ ബിൽഡ് കേരളയിൽ നിർമ്മാണം അന്തിമ ഘട്ടിൽ എത്തിനില്ക്കുന്ന എടൂർ- അങ്ങാടിക്കടവ്- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ ഒരു ഭാഗം കനത്ത മഴയിൽ ഒഴുകിപ്പോയി. 24.45 കിലോമീറ്റർ വരുന്ന റോഡ് ഏത് പ്രളയത്തിനേയും ഉരുൾപെട്ടലിനെപ്പോലും പ്രതിരോധിക്കും വിധം വിദേശ സാങ്കേതിക സഹായത്തോടെയാണ് നിർമ്മിക്കുന്നതെന്നാണ് അവകാശ വാദമെങ്കിലും ഒരു കനത്ത മഴയെപോലും പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നാണ് റോഡ് ഒഴുകിപ്പോയതിലൂടെ തെളിയുന്നത്. പാലത്തുംകടവ് പള്ളിക്ക് സമീപം അര മീറ്റർ മുതൽ ഒരു മീറ്റർ വരെ വീതിയിലും 50 മീറ്റർ നീളത്തിലും ആണ് മെക്കാഡം ടാർ റോഡ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒഴുകിപ്പോയിരിക്കുന്നത്.
റോഡ് നിർമ്മാണം തുടങ്ങിയത് മുതൽ ഇതിന്റെ പ്രവർത്തിയിൽ പ്രദേശവാസികൾ വൻ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക സാധൂകരിക്കുന്ന വിധം ഒറ്റ മഴയിൽ തന്നെ റോഡിൻറെ ഉപരിതലം ഒഴുകിപ്പോയത് വൻ ആശങ്കയാണ് ഉണ്ടാക്കുന്നത്. പാലത്തുംകടവിലും മുടിക്കയം ഭാഗത്തും റോഡിന്റെ അരിക് വശവും ഒഴുകിപോയി. റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയ്ക്ക് ലഭിച്ച ഏക റോഡാണിത്. എടൂരിൽ നിന്ന് കമ്പനി നിരത്ത്, ആനപ്പന്തി , അങ്ങാടിക്കടവ്, വാണിയപ്പാറ, ചരൾ, വളവുപാറ, കച്ചേരികടവ്, പാലത്തുംകടവ് വഴി കടന്നുപോകുന്ന റോഡിന് ഒരു കിലോമീറ്റർ പ്രവർത്തിക്ക് ഏകദേശം അഞ്ചുകോടിയിൽ അധികം രൂപ ആണ് വിനിയോഗിക്കുന്നത്. ജനങ്ങൾ സൗജന്യമായി നൽകിയ ഭൂമിയായിട്ടും ഒരുകിലോമീറ്റർ റോഡിന് ഇത്രയും ഭീമമായ തുക അനുവദിച്ചതിൽ വൻ വിവാദമായിരുന്നു. നിലവിലുള്ള റോഡിലെ കൾവെർട്ടുകളും പാലങ്ങളും ഒന്നുപോലും വികസിപ്പിക്കാതെ അതേപടി നിലനിർത്തിയാണ് റോഡ് നിർമ്മാണം. ഇതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലുമാണ്.
കോടികൾ മുടക്കി നിർമ്മാണം പുരോഗമിക്കുന്ന റോഡിൽ ഓവുചാലുകൾ നിർമ്മിച്ചെങ്കിലും നിർമ്മാണത്തിലെ അപാകതമൂലം വെള്ളം റോഡിലൂടെ തന്നെ കുത്തി ഒഴുകുകയാണ്. റോഡിനേക്കാൾ പൊക്കത്തിലാണ് ഓവുചാലിലേക്ക് വെള്ളം ഒഴുകിപോകേണ്ട ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഇതുകാരണം ഓവുചാലുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. കരാർ കമ്പിനിയെ തോന്നിയ പോലെ നിർമ്മാണത്തിന് വിട്ട് കെ എസ് ടി പി എഞ്ചിനിയറിംങ്ങ് വിഭാഗം കാണിച്ച അനാസ്ഥയാണ് റോഡ് നിർമ്മാണത്തിലെ എല്ലാ അപാകതയ്ക്കും കാരണമെന്നാണ് ആരോപണം. ഇവരുടെ സൈറ്റ് സന്ദർശനം പോലും മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കരാർ കമ്പനിയും കെ എസ് ടി പി അധികൃതരും വിശദീകരിച്ചിരുന്നത് പോലെയുള്ള ബലപ്പെടുത്തലുകളൊന്നും റോഡ് നിർമ്മാണത്തിൽ ഉണ്ടായില്ല എന്നതാണ് റോഡിന്റെ തകർച്ചയിലൂടെ മനസ്സിലാവുന്നത്. ഒറ്റ മഴയിൽ അടിത്തറ തന്നെ ഒഴുകിപോകുന്ന സാഹചര്യം ഉണ്ടായത് നാട്ടുകാരിൽ വൻ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. പോരായ്മകൾ പരിഹരിക്കും എന്നാണ് കരാർ കമ്പനി അധികൃതർ ഇപ്പോൾ പറയുന്നത്. സണ്ണിജോസഫ് എം എൽ എയും മറ്റ് ജനപ്രതിനിധികളും റോഡ് തകർന്ന ഭാഗങ്ങളിൽ പരിശോധന നടത്തി.
previous post