പഞ്ചായത്തിലെ ചന്ദനക്കാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ ഫോറസ്റ്റ് സംഘം പാടാൻ കവല ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ എത്തി. പതിനേഴോളം ആനകളാണ് പ്രദേശത്തെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കൃഷിയും നശിപ്പിച്ചിരുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ കഴിഞ്ഞ ദിവസം ഇരിട്ടിയിൽ ചേർന്ന വനസൗഹൃദ സദസ്സിൽ വനം മന്ത്രിയുടെ മുമ്പാകെ പ്രശ്‌നത്തിന്റെ ഗൗരവം ഉന്നയിച്ചു. ഇതിനെത്തുടർന്നാണ് കണ്ണൂർ ഡിഎഫ്ഒ പി കാർത്തികിന്റെ നിർദ്ദേശപ്രകാരം കാട്ടാനകളെ കാട്ടിലേക്ക് തുരത്തുവാൻ നടപടി ആരംഭിച്ചത്.
ശനി രാവിലെ കൊട്ടിയൂർ, ആറളം, തളിപ്പറമ്പ് റേഞ്ചുകളിൽനിന്നായി മുപ്പതോളം വരുന്ന എലഫെന്റ് സ്‌പെഷ്യൽ ഡ്രൈവ് സംഘം പാടാൻകവലയിലെ സെക്ഷൻ ഓഫീസിലെത്തി. തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീഷിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം ആരംഭിച്ചത്. പയ്യാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സോളാർ തൂക്കുവേലിക്ക് പുറത്ത് ആനക്കൂട്ടത്തെ എത്തിക്കുകയാണ് ലക്ഷ്യം. എലഫെന്റ് സ്‌പെഷ്യൽ ഡ്രൈവ് സംഘത്തിനൊപ്പം ആനകളെ തുരത്തുവാൻ നാട്ടുകാരും പങ്കുചേരുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി എം ജോഷി, കെ ടി അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ജിൽസൺ, ഷീന ജോണി എന്നിവരും സംഘത്തിനൊപ്പം ഉണ്ട്.