എടവണ്ണ∙ മലപ്പുറം എടവണ്ണയില്‍ സുഹൃത്തിന്റെ വെടിയേറ്റു മരിച്ച റിദാൻ ബാസിലിന്‍റെ ഫോണിനായുള്ള ചാലിയാർ പുഴയിലെ തിരച്ചിൽ തൽക്കാലം അവസാനിപ്പിച്ച് പോലീസ്. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിൽ ഒരു ഫോണ്‍ കണ്ടെടുത്തെങ്കിലും അത് റിദാന്‍റെയായിരുന്നില്ല. അതേസമയം, തിരച്ചിലിനിടെ പുഴയില്‍നിന്ന് ലഭിച്ച മാന്‍കൊമ്പ് പൊലീസ് വനംവകുപ്പിന് കൈമാറി.
റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയതിനു ശേഷം റിദാന്‍റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും എടവണ്ണ സീതീഹാജി പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞെന്നാണ് കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് ഷാൻ പൊലീസിനു നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാലിയാർ പുഴയിൽ കഴിഞ്ഞ ദിവസം മുതൽ തിരച്ചിൽ ആരംഭിച്ചത്.
തിരച്ചില്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പുഴയില്‍നിന്ന് ഒരു ഫോണ്‍ ലഭിച്ചിരുന്നെങ്കിലും അത് റിദാന്‍റെയായിരുന്നില്ല. തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫോണ്‍ കണ്ടെടുക്കാനായില്ല. സ്വർണ്ണക്കടത്തുമായും ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ഫോണിലുമുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് പോലീസ്.
കഴിഞ്ഞ ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് പുലിക്കുന്ന് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിയേറ്റാണ് റിദാൻ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ്, റിദാൻ ബാസിലിന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി മുഹമ്മദ് ഷാനെ അറസ്റ്റ് ചെയ്തു.
റിദാനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് മുഹമ്മദ് ഷാന്റെ വീട്ടിൽ നിന്നും പൊലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി മാരായ സാജു കെ. എബ്രാഹം, കെഎം ബിജു, എം. സന്തോഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.