25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശരിക്കും എഐ ക്യാമറയാണോ, സ്വകാര്യതാ പ്രശ്നമുണ്ടോ?’; എല്ലാം അറിയാം, വിശദമായി
Kerala

ശരിക്കും എഐ ക്യാമറയാണോ, സ്വകാര്യതാ പ്രശ്നമുണ്ടോ?’; എല്ലാം അറിയാം, വിശദമായി

‌തിരുവനന്തപുരം ∙ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചതോടെ പിഴയെച്ചൊല്ലിയും സ്ഥാപിച്ച കമ്പനിയെ സംബന്ധിച്ചും വിവാദങ്ങളുയരുന്നുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്നവർക്കു പിഴയില്ലെന്നും സാധാരണക്കാരെ പിഴയിലൂടെ പിഴിയുന്നുവെന്നുമാണ് ആരോപണം. യഥാർഥ എഐ ക്യാമറകളല്ലെന്നും വില കൂടുതലാണെന്നുമാണ് മറ്റൊരു ആരോപണം. എന്താണ് എഐ ക്യാമറകളെന്നും അവയുടെ പ്രവർത്തനം എങ്ങനെയെന്നും സാങ്കേതിക വിദഗ്ധനായ സുജിത് കുമാർ വിശദീകരിക്കുന്നു.

∙ എന്താണ് എഐ സാങ്കേതികവിദ്യ?

അടിസ്ഥാനപരമായി ക്യാമറകൾ ഒന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉള്ളവയല്ല. എന്നാൽ, ക്യാമറയിൽനിന്നു ലഭിക്കുന്ന ചിത്രങ്ങളിൽനിന്നും വിഡിയോകളിൽനിന്നും ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങളെ വേർതിരിച്ച് അവയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. അതായത്, ക്യാമറയും ഇമേജ് പ്രോസസിങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും കൂടിച്ചേർന്നു മൊത്തത്തിൽ വേണമെങ്കിൽ ഈ സംവിധാനത്തെ എഐ ക്യാമറ എന്നു വിളിക്കാം.

ai-camera
ദേശീയപാതകളിൽ നിലവിൽ അമിതവേഗം കണ്ടെത്താൻ സെൻസിങ് ക്യാമറകൾ ഉണ്ട്. ആ ക്യാമറകളും ഈ പദ്ധതിയുമായി ബന്ധമില്ല. ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) എന്ന സാങ്കേതികവിദ്യ അനുസരിച്ചാണ് ഒട്ടുമിക്ക സ്പീഡ് സെൻസിങ് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ ക്യാമറയും ലിഡാറും രണ്ട് വ്യത്യസ്ത യൂണിറ്റുകളായി പ്രവർത്തിക്കുന്നു. നിശ്ചിത വേഗത്തിൽ കൂടുതൽ വാഹനം സഞ്ചരിക്കുന്നതായി ലിഡാർ സെൻസർ കണ്ടെത്തിയാൽ ക്യാമറ പ്രവർത്തിക്കുകയും പ്രസ്തുത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടക്കമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്ന ലളിതമായ സാങ്കേതികവിദ്യയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

ഈ സാങ്കേതിക വിദ്യയിലും പ്രശ്നങ്ങളുണ്ട്. ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ മാത്രം വേഗം കുറച്ച് ബാക്കിയുള്ള ഭാഗങ്ങളിൽ വേഗപരിധി ലംഘിച്ച് കുതിച്ച് പായാൻ വാഹനങ്ങൾക്ക‌ു കഴിയുന്നതിലൂടെ സ്പീഡ് ബ്രേക്കറിന്റെ ഗുണം മാത്രമേ ഇത്തരത്തിലുള്ള ക്യാമറകൾ ചെയ്യൂ. ഈ പ്രശ്നം പരിഹരിക്കാനാണ് ആവറേജ് സ്പീഡ് സെൻസിങ് ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിനായി ചുരുങ്ങിയത് രണ്ട് ക്യാമറകൾ നിശ്ചിത ദൂരപരിധിക്കകത്ത് സ്ഥാപിക്കും. വാഹനം ഈ രണ്ട് ക്യാമറകളെയും മറികടക്കാൻ എടുക്കുന്ന സമയം കണക്കാക്കി വാഹനത്തിന്റെ ശരാശരി വേഗം നിർണയിച്ച് ഹൈവേയിലെ ഒരു നിശ്ചിത ഭാഗത്തുടനീളം വേഗപരിധി ഉറപ്പാക്കാൻ കഴിയും.എല്ലാ വാഹനങ്ങളുടെയും ഡേറ്റ രണ്ട് ക്യാമറകളിലും റിക്കോഡ് ചെയ്യണമെന്നതും ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നമ്പരുകൾ വേർതിരിച്ചെടുത്ത് എല്ലായ്പോഴും താരതമ്യം ചെയ്തുകൊണ്ട് നിയമലംഘനം കണ്ടെത്തേണ്ടതിനാലും സിസ്റ്റം അൽപം സങ്കീർണമായിരിക്കും. ദേശീയപാതയോരങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ക്യാമറകൾ ഒന്നുംതന്നെ ആവറേജ് സ്പീഡ് സെൻസിങ് അല്ലെന്നും സ്പോട് സ്പീഡ് സെൻസിങ് ആണെന്നുമാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്.

ഇപ്പോൾ പുതിയതായി പാതയോരങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ വളരെ കുറച്ചു മാത്രമാണ് സ്പീഡ് വയലേഷൻ സെൻസിങ്ങിനായി ഉപയോഗിക്കുന്നത്. ഇത് സ്പോട്ട് സ്പീഡ് സെൻസിങ് ആണോ അതോ ആവറേജ് സ്പീഡ് സെൻസിങ് ആണോ എന്ന കാര്യവും വ്യക്തമല്ല. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് സെൻസിങ് സാങ്കേതികവിദ്യയും ലോക്കലൈസ്ഡ് ഡേറ്റാ പ്രോസസ്സിങ്ങും നിലവിലുള്ളതിനാൽ വളരെ എളുപ്പത്തിൽതന്നെ ആവറേജ് സ്പീഡ് സെൻസിങ് സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കാൻ കഴിയും. അതിനാൽ ഇത് ആവറേജ് സ്പീഡ് സെൻസിങ് തന്നെയെന്നു കരുതാം.

thrissur-motor-vehicles-department-artificial-intelligence-cameras
∙ ക്യാമറകൾ എഐ ക്യാമറകളാണോ?

ക്യാമറകൾ ഒന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളവയല്ല. ഇമേജ് പ്രോസസിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ഇത്തരത്തിലുള്ള പ്രോസസിങ് സംവിധാനങ്ങൾ മുൻകാലങ്ങളിലൊക്കെ പ്രത്യേകമായ സെർവർ കംപ്യൂട്ടറുകളിൽ ആണ് ചെയ്തിരുന്നത്. നിലവിൽ ക്രെഡിറ്റ് കാർഡിന്റെ അത്രയും വലുപ്പത്തിലുള്ള വളരെ ചെറിയ സിംഗിൾ ബോഡ് കംപ്യൂട്ടറുകളിലും പ്രത്യേകമായ എംബഡഡ് ബോഡുകളിലുമൊക്കെ ചെയ്യാൻ കഴിയും.‌

ai-camera-visuals
അതിനാൽ ക്യാമറയ്ക്ക് അകത്തുതന്നെ വേണമെങ്കിൽ സിംഗിൾ യൂണിറ്റ് ആയി പ്രോസസിങ് സംവിധാനത്തെയും ചേർക്കാം. ഇത്തരത്തിൽ ലോക്കൽ പ്രോസസിങ് (എഡ്ജ് പ്രോസസിങ് / എഡ്ജ് കംപ്യൂട്ടിങ് ) ചെയ്യുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. ട്രാഫിക് വയലേഷൻ ക്യാമറകളുടെ കാര്യമെടുത്താൽ, ക്യാമറയിൽ പതിയുന്ന, ക്യാമറയിൽ പ്രോഗ്രാം ചെയ്യപ്പെട്ട നിയമ ലംഘനങ്ങൾ ക്യാമറയിൽതന്നെ കണ്ടെത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളും ഫൂട്ടേജും മാത്രം സെർവറുകളിലേക്ക് അയയ്‌ക്കുന്നതിനാൽ വളരെ കുറച്ച് ഡേറ്റ മാത്രമേ ശേഖരിച്ചു വയ്ക്കേണ്ടതുള്ളൂ. ക്യാമറയിൽനിന്നും കൺട്രോൾ സെർവറിലേക്കുള്ള ഡേറ്റാ ബാൻഡ്‌വിഡ്തും കുറച്ച് മതി.∙ ക്യാമറകൾ നിയമലംഘനം കണ്ടെത്തുന്നതെങ്ങനെ?

ഏത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിനും ഒരു ഡേറ്റാ സെറ്റ് ഉപയോഗിച്ച് മുൻകൂട്ടി പരിശീലനം ലഭിച്ചിട്ടുണ്ടാകും. ക്യാമറയിൽനിന്ന് ലഭിക്കുന്ന ഫൂട്ടേജുകളിൽനിന്നും വേർതിരിച്ചെടുക്കുന്ന വിവരങ്ങൾ ഡേറ്റാസെറ്റുമായി താരതമ്യം ചെയ്ത് ഫൂട്ടേജുകളിലുള്ളവ എന്തെല്ലാമാണെന്ന് വ്യക്തമായി തിരിച്ചറിയുന്നു. അതായത്, ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഒരാളാണെങ്കിൽ അയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ, കൈകളിൽ മൊബൈൽ ഫോൺ ഉണ്ടോ എന്നൊക്കെയുള്ള വിവരങ്ങൾ ഫൂട്ടേജിന്റെ ഗുണനിലവാരം അനുസരിച്ച് വ്യക്തമായി തിരിച്ചറിയാം. ഇങ്ങനെ തിരിച്ചറിയുന്ന വിവരങ്ങളിൽ തെറ്റുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുള്ള കമാൻഡുകൾ നൽകാനും മനുഷ്യബുദ്ധി ആവശ്യമാണ്. കണ്‍ട്രോൾ റൂമിൽ എഐ ക്യാമറകൾ ലഭ്യമാക്കുന്ന വയലേഷൻ ഇമേജുകൾ മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അവ നിയമലംഘനം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

നിലവിലെ ട്രാഫിക് നിയമങ്ങൾക്കനുസരിച്ച് പിഴ ചുമത്താൻ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ എന്നതിനാലും സിസ്റ്റത്തിൽനിന്നും തെറ്റായ വിവരങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കുന്നതിനുമാണ് കൺട്രോൾ സെന്ററും മോണിറ്ററിങും. ‘‘ഇതിൽ വ്യക്തതക്കുറവുള്ള ഒരു കാര്യം ഈ പറഞ്ഞ സിസ്റ്റത്തിൽനിന്നുണ്ടാകുന്ന ഫാൾസ് പോസിറ്റീവ് റിസൾട്ടുകൾ മെഷീൻ ലേണിങ് അൽഗോരിതത്തിനു നൽകാനും അതനുസരിച്ച് സ്വയം പുതുക്കപ്പെടാനുമുള്ള സംവിധാനം ഉണ്ടോ എന്നതാണ്. നിയമപ്രകാരം മൂന്നു പേർ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത് കുറ്റകരമാണ്. ക്യാമറ അത് സെൻസ് ചെയ്യും. പക്ഷേ, വിവേചനാധികാരം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവ് കൊടുത്ത് അതിനെ ഫാൾസ് പോസിറ്റീവ് ആയി മാർക്ക് ചെയ്താൽ പിന്നെ ലേണിങ് അൽഗോരിതം അത് തുടർന്ന് സെൻസ് ചെയ്യുന്ന പരിപാടി നിർത്തും. അല്ലെങ്കിൽ ആശയക്കുഴപ്പത്തിലായി കൂടുതൽ ഫാൾസ് പോസിറ്റീവുകൾ ഉണ്ടാകും’’– സുജിത് കുമാർ ചൂണ്ടിക്കാട്ടി.

thiruvananthapuram-ai-camera1
∙ എല്ലാ നിയമലംഘനങ്ങളും പിടികൂടാത്തതെന്ത്?

പൊലീസായാലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായാലും ഹെൽമറ്റ് ഇല്ലാത്ത യാത്ര, ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടൂതൽ പേർ സഞ്ചരിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം, നോ പാർക്കിങ് സോണിലെ പാർക്കിങ് തുടങ്ങി ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ കഴിയുന്ന നിയമ ലംഘനങ്ങൾ ആയിരിക്കും ഏറ്റവും കൂടുതൽ പിടികൂടുന്നത്. മനുഷ്യന്റെ കാര്യം പോലെത്തന്നെയാണ് മെഷീന്റെയും. മനുഷ്യന് എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തന്നെയാണ് മെഷീൻ ഉപയോഗിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുമൊക്കെ ഏറ്റവും എളുപ്പത്തിൽ ഓട്ടമേറ്റ് ചെയ്യാൻ കഴിയുക.ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽതന്നെ അത് മനുഷ്യ വിഭവശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഗുണങ്ങളാണ് കിട്ടുക. ഉദാഹരണത്തിന്, ഒരു പൊലീസുകാരനെ ഹെൽമറ്റ് ധരിക്കാത്ത നിയമലംഘനം മാത്രം കണ്ടെത്തി പിഴയീടാക്കുന്ന ജോലി ഏൽപ്പിച്ചാൽ പരമാവധി 8 മണിക്കൂർ പണിയെടുത്താൽതന്നെ നൂറ്റമ്പതോ ഇരുനൂറോ കേസുകൾ ചാർജ് ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷേ ഈ ജോലി ചെയ്യുന്ന ഒരു എഐ ക്യാമറയ്ക്കു രാപകൽ വ്യത്യാസമില്ലാതെ ആയിരക്കണക്കിനു നിയമ ലംഘനങ്ങൾ കണ്ടെത്തി അവയെ വേർതിരിക്കാൻ കഴിയും. എത്ര അത്യാധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ചാലും ഓട്ടമേറ്റ് ചെയ്യാൻ കഴിയാത്ത അനവധി കാര്യങ്ങളുണ്ട്. അത്തരത്തിലുള്ളവയായി മറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനെയും കണക്കാക്കിയാൽ മതി.

ai-camera-palakkad
∙ എഐ ക്യാമറയ്ക്ക് എത്ര ചെലവ് വരും?

ഇത് വെറും ഒരു ക്യാമറ മാത്രമല്ല. ക്യാമറകളും സെർവറുകളും അവ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള നെറ്റ്‌വർക്കുകളും കൺട്രോൾ സെന്ററുകളും അവ പരിപാലിക്കാനാവശ്യമായ മനുഷ്യഷശേഷിയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് സൊലൂഷൻ ആണ്. പല പ്രൊപ്രൈറ്ററി സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുള്ളതിനാൽ സ്വാഭാവികമായും ചെലവ് കൂടുതലാകാം. അതുപോലെ സർക്കാർ പദ്ധതികളുടെ ചെലവിനെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്ന പദ്ധതികളുടെ ചെലവുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. എങ്കിലും സർക്കാർ പദ്ധതികളുടെ ചെലവ് കുറച്ച് കൊണ്ടുവരാൻ മാതൃകാപരമായ, യാഥാർഥ്യ ബോധത്തോടെയുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

∙ എഐ ക്യാമറകളിൽ സ്വകാര്യതാ പ്രശ്നങ്ങളുണ്ടോ?ഇത്തരം ക്യാമറകളിൽ പ്രധാനമായും നിയമ ലംഘനങ്ങൾ മാത്രം കണ്ടെത്തി അവയുടെ ഫൂട്ടേജുകൾ മാത്രം കൺട്രോൾ സെർവറുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നതിനാൽ സാധാരണ പൊതുനിരത്തുകളിൽ കാണുന്ന സർവൈലൻസ് ക്യാമറകളുടെ അത്രപോലും സ്വകാര്യതാ പ്രശ്നങ്ങൾ കാണാൻ വഴിയില്ല. എങ്കിലും പൊതു ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള സിസിടിവി ക്യാമറകളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന നിലവിലുള്ള അതേ നിയമങ്ങളും നിബന്ധനകളുമെല്ലാം തന്നെ ആയിരിക്കും ഇത്തരം ക്യാമറകളുടെ കാര്യത്തിലും.

∙ വിഐപി വാഹനങ്ങൾക്ക് ഇളവുണ്ടോ?

ബീക്കൺ ലൈറ്റ് ഉള്ള വാഹനങ്ങൾക്ക് ട്രാഫിക് നിയമങ്ങളിൽ നിയമപരമായിത്തന്നെ ഇളവുണ്ട്. അത് ബീക്കൺ ലൈറ്റ് ഉള്ള എമർജൻസി വാഹനങ്ങൾക്ക് മാത്രമാണ്. ആംബുലൻസ്, ഫയർ, അത്യാഹിതാവസരങ്ങളിലും നിയമ പരിപാലനത്തിനായുള്ള അത്യാവശ്യ ഘട്ടങ്ങളിലും പൊലീസ് / പാരാമിലിട്ടറി, മിലിട്ടറി വാഹനങ്ങളിലും മാത്രമാണ് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാവൂ എന്ന് കേന്ദ്ര നിയമത്തിൽ പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ അധികാരത്തിന്റെ ചിഹ്നമായി ബീക്കൺ ലൈറ്റ് വച്ച വാഹനങ്ങളെ കണക്കാക്കുന്നതിനാൽ എല്ലാവിധ ട്രാഫിക് നിയമങ്ങളെയും ലംഘിക്കാനുള്ള ടൂൾ ആയി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലെ എഐ ക്യാമറകൾ ഇത്തരം വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയാലും കൺട്രോൾ റൂമിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരായിരിക്കും പരിശോധിച്ച് അന്തിമതിരുമാനം എടുക്കുക.

Related posts

നബിദിനാഘോഷത്തിന്റെ ഭാഗമായി കാടുകള്‍ വെട്ടിതെളിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

‘വിലക്കിൽ’ വീഴില്ല കുതിക്കും കേരള സവാരി; സർക്കാർ നിരക്ക്‌ നിശ്ചയിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox