സൈന്യവും അർദ്ധസേനയുമായി ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധയിലാണ് 278 പേരെ കൊണ്ടുവരുന്നത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ സംഘം ജിദ്ദയിൽ എത്തിച്ചേരും. സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നവർക്കായി വ്യോമസേനയുടെ രണ്ട് സി–-130 ജെ വിമാനങ്ങൾ നേരത്തെ തന്നെ ജിദ്ദയിൽ എത്തിയിരുന്നു. ജിദ്ദയിൽ എത്തിക്കുന്നവരില്‍ 16 പേര്‍ മലയാളികളാണ്. ഇവര്‍ക്കു പുറമെ, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കപ്പലിലുണ്ട്.
സുഡാനിൽ ഏറ്റുമുട്ടൽ ആരംഭിച്ച് പതിനൊന്നാം ദിവസമാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങാൻ കേന്ദ്രത്തിനായിട്ടുള്ളത്. സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ വൈകുന്നത് രാഷ്ട്രീയ വിവാദമായതോടെയാണ് കേന്ദ്രം ഇടപെട്ട് തുടങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ വെള്ളിയാഴ്‌ച ഉന്നതതല യോഗം ചേർന്നു. തുടർന്നാണ് ഓപ്പറേഷൻ കാവേരി എന്ന പേരിൽ ഒഴിപ്പിക്കൽ ദൗത്യം തുടങ്ങിയത്
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും. മുഴുവൻ ഇന്ത്യക്കാരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിൽ അഞ്ഞൂറ് പേർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശ മന്ത്രി എസ് ജയ്‌ശങ്കർ തിങ്കളാഴ്‌ച അറിയിച്ചിരുന്നു. 2500 ഓളം ഇന്ത്യാക്കാർ ഇപ്പോഴും സംഘർഷമേഖലയിൽ കുടുങ്ങിയ നിലയിൽ തന്നെയാണ്. ശേഷിക്കുന്ന ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അമേരിക്ക അടക്കമുള്ള പാശ്‌ചാത്യരാജ്യങ്ങളുടെ സഹായവും യുഎന്നിന്റെ ഇടപെടലും വിഷയത്തില്‍ മോദി സർക്കാർ തേടിയിട്ടുണ്ട്.