25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കൊടുംവേനലിൽ ജില്ല വരൾച്ചയിലേക്ക്‌.
Kerala

കൊടുംവേനലിൽ ജില്ല വരൾച്ചയിലേക്ക്‌.

കൊടുംവേനലിൽ ജില്ല വരൾച്ചയിലേക്ക്‌. പകൽനേരങ്ങളിലെ ഉയർന്ന താപനിലയും മഴ ലഭിക്കാത്തതും കാരണം കുടിവെള്ളക്ഷാമമുൾപ്പടെയുള്ള രൂക്ഷമായ പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നത്‌. പലയിടത്തും കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. ഈ മാസം അവസാനമെങ്കിലും മഴ ലഭിച്ചില്ലെങ്കിൽ കൊടും വരൾച്ചയുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ.
ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണമാണ്‌ ഒരു പരിധിവരെ ആശ്വാസമാകുന്നത്‌. ജലജീവൻമിഷൻ വഴി കണക്ഷനുകളുടെ എണ്ണം വർധിച്ചതിനാൽ ജല അതോറിറ്റി വിതരണം ചെയ്യേണ്ട വെള്ളത്തിന്റെ അളവും വർധിച്ചു. വരൾച്ചയുടെ സാഹചര്യത്തിൽ ആവശ്യകതയും കൂടിയിട്ടുണ്ട്‌.
പഴശ്ശി പദ്ധതി വഴിയാണ്‌ ഭൂരിഭാഗം പഞ്ചായത്തുകളിലേക്കും ജലവിതരണം നടത്തുന്നത്‌. പഴശ്ശി പദ്ധതിയെ വരൾച്ച ബാധിക്കാത്തതിനാൽ ജില്ലയ്‌ക്ക്‌ ആവശ്യമുള്ള വെള്ളം എത്തിക്കാൻ ജലഅതോറിറ്റിക്ക്‌ സാധിക്കുന്നുണ്ട്‌. വിവിധ ഭാഗങ്ങളിലുള്ള ടാങ്കർ പോയിന്റുകളിൽനിന്ന്‌ പഞ്ചായത്തുകൾ വെള്ളം ശേഖരിച്ച്‌ വിതരണം ചെയ്യുന്നുണ്ട്‌. പാത്തിപ്പാലത്തെ പുഴയിൽ വരൾച്ച ബാധിച്ചത്‌ ഈ ഭാഗത്തെ ജലവിതരണത്തിന്‌ പ്രതിസന്ധിയായിട്ടുണ്ട്‌.
പാനൂർ നഗരസഭ, പന്ന്യന്നൂർ, മൊകേരി, നാറാത്ത്‌, അഴീക്കോട്‌, ചിറക്കൽ, പെരളശേരി പഞ്ചായത്തുകളിൽ വരൾച്ചയുണ്ട്‌. മട്ടന്നൂർ, ഇരിക്കൂർ മേഖലകളിലും ജലക്ഷാമം രൂക്ഷമാവുന്നു. ആലക്കോട്‌, കേളകം, കൊട്ടിയൂർ തുടങ്ങിയ മലയോരപഞ്ചായത്തുകളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ.
ജല അതോറിറ്റിയുടെ പൈപ്പ്‌ ലൈനുകളിൽ വെള്ളമെത്തുന്നുണ്ടെങ്കിലും ശക്തി കുറയുന്നത്‌ മിക്കയിടങ്ങളിലും പ്രശ്‌നമാവുന്നു. താഴ്‌ന്നപ്രദേശങ്ങളിലെ വീടുകളിൽനിന്ന്‌ വെള്ളം ശേഖരിക്കുമ്പോൾ ഉയർന്നപ്രദേശങ്ങളിൽ തീരേ ശക്തിയില്ലാതെയാണ്‌ വെള്ളമെത്തുന്നത്‌.
ജലത്തിന്റെ ആവശ്യകത വർധിച്ച സാഹചര്യത്തിൽ ആവശ്യക്കാർക്കെല്ലാം വെള്ളമെത്തിക്കാനുള്ള നടപടികളാണ്‌ ജല അതോറിറ്റി നടപ്പാക്കുന്നത്‌. ഇതിനായി ദിവസവും ജലവിതരണമുണ്ടായിരുന്ന ഇടങ്ങളിൽ ചിലതിൽ ഒന്നിടവിട്ട ദിവസങ്ങളിലാക്കി മാറ്റി. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക്‌ ജലലഭ്യത ഉറപ്പുവരുത്താനാണിത്‌

Related posts

മണ്ഡലകാലം: ശബരിമലയില്‍ 78.92 കോടി വരുമാനം

Aswathi Kottiyoor

ഒമിക്രോൺ അപകടകാരിയല്ലെന്ന് കേന്ദ്രം; നിരീക്ഷണത്തിലുള്ളവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രം.

Aswathi Kottiyoor

കോളേജുകളുടെ റാങ്കിൽ കേരളം രണ്ടാമത്‌, ഒന്നാമത്‌ തമിഴ്‌നാട്‌: പട്ടികയിലേ ഇല്ലാതെ വമ്പൻ സംസ്ഥാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox