കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല. സിറോ മലബാർ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു മണിക്കൂറിലധികം സഭാ ആസ്ഥാനത്ത് ചെലവഴിച്ച മന്ത്രി കർദിനാളിനൊപ്പം പ്രാതലും കഴിച്ച ശേഷമാണ് മടങ്ങിയത്. ൈവകുന്നേരം കോട്ടയത്ത് റബർ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നത് വളരെയധികം കുറഞ്ഞെന്ന് ജോൺ ബർല കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യൻ സഭകളുമായുള്ള ചർച്ചകൾക്കായി കേരളത്തിൽ എത്തിയതാണ് അദ്ദേഹം. കേരളത്തിലെത്തിയ മന്ത്രി ബിജെപി നേതാക്കന്മാർക്കൊപ്പം മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി സന്ദർശിക്കുകയും പുരോഹിതർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ അടക്കമുള്ളവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു.
ചാലക്കുടിയിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലും മന്ത്രിയെത്തി. രണ്ടു സ്ഥലത്തും കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികളെക്കുറിച്ചും മറ്റും സംസാരിച്ചുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.