23 C
Iritty, IN
February 27, 2024
  • Home
  • Uncategorized
  • കേരളത്തിൽ വേനൽമഴയുടെ ഒളിച്ചുകളി; കണ്ണൂരിനു തുള്ളി പോലുമില്ല, പത്തനംതിട്ടയ്ക്ക് സമൃദ്ധി
Uncategorized

കേരളത്തിൽ വേനൽമഴയുടെ ഒളിച്ചുകളി; കണ്ണൂരിനു തുള്ളി പോലുമില്ല, പത്തനംതിട്ടയ്ക്ക് സമൃദ്ധി


തിരുവനന്തപുരം ∙ സംസ്ഥാനത്തു വേനൽമഴ പെയ്യാൻ തുടങ്ങിയ ശേഷം പേരിനു പോലും മഴ ലഭിക്കാതെ കണ്ണൂർ ജില്ല. അതേസമയം, പത്തനംതിട്ട ജില്ലയെ മഴ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് മാർച്ച് ഒന്നു മുതൽ ഏപ്രിൽ 15 വരെ പെയ്ത വേനൽ മഴയുടെ കണക്കെടുത്തപ്പോൾ കണ്ണൂർ ജില്ലയിൽ 100 ശതമാനമാണു കുറവ്. സാധാരണ ഈ ഒന്നര മാസത്തിനിടെ 36.1 മില്ലിമീറ്റർ മഴയെങ്കിലും കണ്ണൂരിൽ പെയ്യേണ്ടതാണെന്ന് മുൻകാല കണക്കുകൾ പരിശോധിച്ചാൽ കാണാം.

ഈ മുൻകാല കണക്കുകൾ എന്ന ദീർഘകാല ശരാശരിയുമായി താരമത്യം ചെയ്യുമ്പോൾ, ഇത്തവണ ഒരു തുള്ളി പോലും മഴ കണ്ണൂരിൽ പെയ്തില്ലെന്നു വേണം കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം മനസ്സിലാക്കേണ്ടത്. കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മാപിനികളിൽ ഒന്നും തന്നെ ഒന്നര മാസമായി മഴ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇത് അർഥമാക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇത്തവണത്തെ വേനൽക്കാലത്ത് കണ്ണൂർ ജില്ലയിൽ ചൂട് വളരെ ഏറെ കൂടുതലാണ്. കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ പല ദിവസങ്ങളിലും കണ്ണൂർ എയർപോർട്ട്, ചെമ്പേരി, അയ്യങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ ഏറെ വർധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

മുൻകാല കണക്കുകൾ ലഭ്യമല്ലാത്തതിനാലും പൂർണമായി ശാസ്ത്രീയമെന്നു കരുതാനാവില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നതിനാലും ഓട്ടമാറ്റിക് വെതർ സ്റ്റഷനുകളിലെ കണക്കുകളെ അതേപടി ആശ്രയിക്കാനാവില്ല. അതിനാൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുകൾ കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പുറത്തുവിടാറില്ല. എന്നാൽ, കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ ഈ കണക്കുകൾ ലഭിക്കുകയും ചെയ്യും. ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസിന്റെ വ്യത്യാസം ഉണ്ടാകാമെങ്കിലും കണ്ണൂർ വെന്തുരുകയാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ ചൂട് താരതമ്യേന കുറവുമാണ്.

വേനൽമഴ കണ്ണൂർ ഉൾപ്പെടെ ഉള്ള പല വടക്കൻ ജില്ലകളിലും പെയ്യാതെ അകന്നു നിൽക്കുമ്പോൾ, തെക്ക് പത്തനംതിട്ടയിൽ മഴ ആവശ്യത്തിലും അധികമാണ്. ഈ വേനൽക്കാലത്ത് മാർച്ച് ഒന്നു മുതൽ ഏപ്രിൽ 15 വരെ ഉള്ള കാലയളവിൽ സാധാരണയിലും അധികം മഴ ലഭിച്ച ഏക ജില്ലയും പത്തനംതിട്ടയാണ്. സാധാരണ ഈ ഒന്നര മാസം 154.1 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ടയിൽ പെയ്തിറങ്ങുന്നത്. ഇത്തവണ കിട്ടിയതാകട്ടെ 196.3 മില്ലിമീറ്റർ; അതായത് 27% അധികമഴ.

വേനൽ മഴ ഇക്കുറി കുറഞ്ഞത് 9 ജില്ലകളിലാണ്. ആലപ്പുഴ, എറണാകുളം, കാസർകോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണു പ്രതീക്ഷിച്ച മഴ വിട്ടുനിന്നത്. ഇതിൽ കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മഴ വളരെ കുറവാണെന്നു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പറയുന്നു. സാധാരണ പെയ്യുന്നതിൽ നിന്നും 60% മുതൽ 90% വരെ മഴ ലഭിക്കാതിരുന്നതിനാലാണ് വളരെ കുറഞ്ഞുവെന്നു പറയുന്നത്. മലപ്പുറത്ത് 95%, കാസർകോട്, കോഴിക്കോട് ജില്ലകളിൽ 94% വീതം, തൃശൂരിൽ 82%, തിരുവനന്തപുരത്ത് 71%, പാലക്കാട് 62% എന്നിങ്ങനെ കുറഞ്ഞു. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 മുതൽ 59% വരെയാണു കുറവ്.

സാധാരണ പോലെ വേനൽമഴ ലഭിച്ച മൂന്നു ജില്ലകളാണ് ഇത്തവണ കാലാവസ്ഥ വകുപ്പിന്റെ കണക്കിലുള്ളത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് മഴ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാതെ ലഭിച്ചത്. 19 ശതമാനത്തിലധികം മഴ കുറഞ്ഞാൽ മാത്രമേ കുറവായി കാലാവസ്ഥ വകുപ്പ് കണക്കിലെടുക്കാറുള്ളു. കേരളത്തിലെ ആകെ കണക്കെടുത്താൽ 38% കുറവാണു വേനൽമഴ. 82.7 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും പെയ്തത് 51.3 മില്ലിമീറ്റാണ്. എങ്കിലും വേനൽമഴ പെയ്യുന്ന ജില്ലകളിലും ചൂടിനു കാര്യമായ കുറവൊന്നുമില്ല. അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും കൂടിച്ചേർന്ന് അസഹനീയമായ അവസ്ഥയിലാണു പലയിടത്തെയും സ്ഥിതി. എന്നാൽ, മേയ് മാസത്തോടെ ചൂടിന് കുറവുണ്ടായേക്കും.

Related posts

പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തം

Aswathi Kottiyoor

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

Aswathi Kottiyoor

തിരുവല്ലയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox