24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സച്ചിന്‍ ബിജെപിയുമായി ചര്‍ച്ചയിലോ? ഇന്ന് ഡല്‍ഹിയില്‍; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും
Uncategorized

സച്ചിന്‍ ബിജെപിയുമായി ചര്‍ച്ചയിലോ? ഇന്ന് ഡല്‍ഹിയില്‍; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും


ന്യൂഡല്‍ഹി∙ പാര്‍ട്ടി വിരുദ്ധമാകുമെന്ന താക്കീത് അവഗണിച്ചു രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയ യുവനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഇന്നു ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ളവരുമായി സച്ചിന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിരാഹാരമിരുന്ന സച്ചിന്‍ പാര്‍ട്ടിക്കു പുറത്തേക്കു പോകുമോ എന്ന ശക്തമായ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തുന്നത്.

അശോക് ഗെലോട്ടുമായുള്ള അഭിപ്രായ ഭിന്നതയ്ക്കിടെ ഒരുഘട്ടത്തില്‍ പാര്‍ട്ടി വിടുന്നതിന്റെ വക്കിലെത്തിയ സച്ചിന്‍ പൈലറ്റ് വീണ്ടും പോരു കടുപ്പിച്ചതും നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതും പാര്‍ട്ടി വിടുന്നതിലേക്കു നയിക്കുമോയെന്നതു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചയാണ്. ഒരു ബിജെപി നേതാവും ബിജെപി പക്ഷത്തുള്ള ഒരു സ്വതന്ത്ര എംപിയും പൈലറ്റുമായി ചര്‍ച്ചയിലാണെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍, ഗെലോട്ടിന്റെ നിലപാടുകളോടു മാത്രമാണ് ഭിന്നത എന്ന നിലയിലാണ് ഇന്നലെയും പൈലറ്റ് പ്രതികരിച്ചത്.

അതേസമയം, സച്ചിനെ ബിജെപിയിലേക്ക് എത്തിക്കുന്നതിനോടു ബിജെപിയില്‍ വസുന്ധരെ രാജെ പക്ഷത്തിനു യോജിപ്പില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് സച്ചിന്റെ നിരാഹാരമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചിരുന്നു.

നിരാഹാരസമരം പ്രഖ്യപിച്ച സച്ചിന് കോണ്‍ഗ്രസ് ശക്തമായ മുന്നറിയിപ്പാണു നല്‍കിയിരുന്നത്. സച്ചിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമായി പരിഗണിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് അദ്ദേഹം സമരം നടത്തിയത്. ഇതുവരെ നിശബ്ദനായിരുന്ന മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ബാനറോ ചിഹ്നമോ പശ്ചാത്തലത്തില്‍ ഉപയോഗിക്കാതെയായിരുന്നു സച്ചിന്റെ പ്രതിഷേധമെന്നതും ശ്രദ്ധേയമായി. ഗാന്ധി ചിത്രവും ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളുമായിരുന്നു നിരാഹാര വേദിയിലുണ്ടായിരുന്നത്. നിലവില്‍ എംഎല്‍എമാരോ മന്ത്രിമാരോ ആയ ആരും സച്ചിനു പിന്തുണയുമായി എത്തിയില്ല. അതേസമയം, സച്ചിന്‍ നിരാഹാരം ആരംഭിച്ചതിനു പിന്നാലെ സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പരിപാടികള്‍ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണു മുഖ്യമന്ത്രി ഗെലോട്ട് പ്രതികരിച്ചത്. പരസ്യനീക്കം വീണ്ടും സജീവമാക്കിയ പൈലറ്റിനെതിരെ നേരിട്ടുള്ള നടപടിക്കു കോണ്‍ഗ്രസ് തയാറായിട്ടില്ലെങ്കിലും നിരാഹാരം പാര്‍ട്ടി വിരുദ്ധമാകുമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു.

ജയ്പുരിലെ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഏകദിന നിരാഹാരത്തില്‍ സച്ചിനു പിന്തുണയുമായി അനുയായികളുമെത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സച്ചിനും കൂട്ടരും പ്രതിഷേധമിരുന്നത്. ഈ വര്‍ഷമവസാനം സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗെലോട്ടും പൈലറ്റും തമ്മില്‍ പോരു മൂര്‍ഛിക്കുന്നത് ആശങ്കയോടെയാണു കോണ്‍ഗ്രസ് കാണുന്നത്.

Related posts

ചെണ്ടവാദ്യകലാകാരന്‍ ഉള്ളിയേരി ശങ്കരമാരാര്‍ അന്തരിച്ചു

Aswathi Kottiyoor

എന്ത് ചീത്തയും കേള്‍ക്കാം; കോണ്‍ഗ്രസിൽനിന്ന് അപമാനിക്കപ്പെട്ട അത്രയും വരില്ല- പത്മജ

Aswathi Kottiyoor

സ്ത്രീശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും, ഹിന്ദുമതത്തെ അപമാനിക്കുന്നു: പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox