കല്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടിലെത്തി. എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
ഉജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് വയനാട്ടില്‍ ഒരുക്കിയിട്ടുള്ളത്. റോഡ്‌ഷോയിലും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലുമായി പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിനുപേര്‍ അണിനിരക്കും. വയനാട് എസ്.പി. ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ 800 പോലീസുകാരുടെ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.