24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മാറിമറിഞ്ഞ് സാക്ഷിമൊഴി; ‘ഒന്നാം പ്രതി ഇപ്പോഴും ആ കാൽ പൊക്കി നിൽക്കുകയാണോ?’: ചോദിച്ച് കോടതി
Uncategorized

മാറിമറിഞ്ഞ് സാക്ഷിമൊഴി; ‘ഒന്നാം പ്രതി ഇപ്പോഴും ആ കാൽ പൊക്കി നിൽക്കുകയാണോ?’: ചോദിച്ച് കോടതി

പാലക്കാട് ∙ ഒന്നാം പ്രതി ഹുസൈൻ മധുവിനെ ചവിട്ടുന്നതു കണ്ടെന്നു നേരത്തേ മൊഴി നൽകിയ 10–ാം സാക്ഷി ഉണ്ണിക്കൃഷ്ണൻ വിചാരണയ്ക്കിടെ കൂറുമാറി. ഹുസൈൻ ചവിട്ടുന്നതു കണ്ടില്ല, ചവിട്ടാനായി കാൽ പൊക്കുന്നതേ കണ്ടുള്ളൂ എന്നായി മൊഴി. ഇതിൽ ഉറച്ചുനിന്ന സാക്ഷിയോട്, ‘ഒന്നാം പ്രതി ഇപ്പോഴും കാൽ പൊക്കി നിൽക്കുകയാണോ’ എന്നാണു കോടതി ചോദിച്ചത്.

കേസിൽ പ്രോസിക്യൂഷനു തുടക്കം മുതൽ വെല്ലുവിളിയായതു സാക്ഷികളുടെ കൂറുമാറ്റമാണ്. 24 സാക്ഷികളാണു കൂറുമാറിയത്. പലരും കോടതിയിൽ എത്തിയതുപോലും പ്രതികൾക്കൊപ്പമായിരുന്നു. മധുവിന്റെ ബന്ധുകൂടിയായ 11–ാം സാക്ഷി ചന്ദ്രൻ മൊഴി മാറ്റിയപ്പോൾ, ‘കള്ളസാക്ഷി പറയുന്നവർ അകത്തു പോകും’ എന്നു കോടതി ഓർമിപ്പിച്ചു. ചന്ദ്രന്റെ മൊഴിമാറ്റം കേട്ടു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പൊട്ടിക്കരഞ്ഞു. 16–ാം പ്രതി മധുവിനെ കാൽമുട്ടു കൊണ്ട് ഇടിക്കുന്നതും 15–ാം പ്രതി മധുവിന്റെ ചുമലിൽ കുത്തുന്നതും ഒന്നാം പ്രതി മധുവിന്റെ നെഞ്ചിൽ ചവിട്ടുന്നതും കണ്ടെന്നു മജിസ്ട്രേട്ടിനു രഹസ്യമൊഴി നൽകിയ ആളായിരുന്നു ചന്ദ്രൻ.

മധുവിനെ പ്രതികൾ മുക്കാലിയിലേക്കു കൊണ്ടുവരുന്നതു കണ്ടെന്ന മൊഴി മാറ്റിയ 29–ാം സാക്ഷി സുനിൽകുമാറിന്റെ കണ്ണു പരിശോധിക്കാൻ കോടതി നിർദേശിച്ചു. മധുവിനെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ, അതിൽ സുനിൽകുമാറിനെ കാണിച്ച് ഇതാരാണെന്നു ചോദിച്ചപ്പോൾ കാണാൻ വയ്യെന്നായിരുന്നു മറുപടി. ദൃശ്യങ്ങൾ വ്യക്തമായി കാണാമെന്നു കോടതി പറഞ്ഞപ്പോൾ തനിക്കു വ്യക്തമാകുന്നില്ലെന്നായി. തുടർന്നു കോടതി നിർദേശപ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയിൽ കണ്ണു പരിശോധിച്ച ഡോ.നയന, കാഴ്ചയ്ക്കു തകരാറില്ലെന്നു റിപ്പോർട്ട് നൽകി. വീണ്ടും അതേ ദൃശ്യങ്ങൾ കാണിച്ചപ്പോൾ മുഖലക്ഷണം നോക്കിയാൽ തന്നെപ്പോലെയുണ്ടെന്നും കഴിഞ്ഞ ദിവസം സ്ക്രീൻ ചരിച്ചുവച്ചതിനാലാണു വ്യക്തമാകാതിരുന്നതെന്നും മൊഴി നൽകി.

പൊലീസ് ഭീഷണിപ്പെടുത്തിയെന്നു കോടതി മുറിയിലേക്കു സാക്ഷി ഓടിക്കയറിവന്നു പറഞ്ഞതും അപൂർവ അനുഭവമായി. മധുവിന്റെ തോളിൽ ചാക്കുവച്ചു പ്രതികൾ ഉന്തിത്തള്ളി വരുന്നതും മർദിക്കുന്നതും കണ്ടെന്ന മൊഴി മാറ്റിയ 12–ാം സാക്ഷി അനിൽകുമാർ കോടതിമുറിക്കു പുറത്തിറങ്ങിയപ്പോഴാണു സംഭവം. പൊലീസ് പിടിക്കാൻ ശ്രമിച്ചതോടെ കുതറിമാറി കോടതിക്കുള്ളിലേക്ക് അനിൽകുമാർ ഓടിക്കയറി. സംഭവത്തിൽ കോടതി പൊലീസിനു താക്കീതു നൽകി.

മൊഴി മാറ്റിയ മൂപ്പൻ കുറ്റബോധത്തോടെ തിരിച്ചെത്തി അനുകൂലമൊഴി നൽകിയ സംഭവവും കേസിനിടെയുണ്ടായി. വനത്തിലെ അജുമുടി എന്ന സ്ഥലത്തു മധു ഉണ്ടെന്നു പ്രതികൾക്കു വിവരം നൽകിയ 19–ാം സാക്ഷിയാണു കക്കി മൂപ്പൻ. വിസ്താരത്തിനിടെ കൂറുമാറിയ അദ്ദേഹം മധുവിനെതിരായി സാക്ഷി പറഞ്ഞതിലെ കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നു പിന്നീടു പറഞ്ഞു. മധു കാട്ടിലുണ്ടെന്നു താൻ വിവരം കൊടുത്തതു കൊണ്ടല്ലേ പിടികൂടിയതെന്ന ദുഃഖവും വേട്ടയാടി. പിന്നീടു കോടതിയിലെത്തി കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സമാധാനമായെന്നും കക്കി മൂപ്പൻ പറഞ്ഞു.

Related posts

യുണൈറ്റഡ് മർച്ചൻറ്സ് യൂണിറ്റ് മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം

Aswathi Kottiyoor

ഇഷാന്‍, രോഹിത്, ശ്രേയസ് വട്ടപൂജ്യം! ഓസീസ് പേസര്‍മാരുടെ വേഗത്തിന് മുന്നില്‍ പതറി ഇന്ത്യ;

Aswathi Kottiyoor

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം: അപ്പീലുമായി പ്രതികൾ ദില്ലി ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox