ന്യൂയോർക്ക് ∙ ക്രിമിനൽക്കേസിൽ കുറ്റം ചുമത്തപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (76) കോടതിയിൽ കീഴടങ്ങി. മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
2008 ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട ആദ്യ മുൻ യുഎസ് പ്രസിഡന്റാണ്. ഫ്ലോറിഡയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണു ട്രംപ് ന്യൂയോർക്കിലെത്തിയത്. ട്രംപ് ടവറിൽനിന്നാണു കോടതിയിലേക്കു പോയത്. കോടതിപരിസരത്ത് ട്രംപിന്റെ അനുയായികൾ തടിച്ചുകൂടിയിരുന്നു.കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് ട്രംപ് മൻഹാറ്റൻ കോടതിയിൽ എത്തിയത്. കോടതിയുടെ 15–ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികൾ. കുറച്ചുപേർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചത്.2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി രതിചിത്ര നടി സ്റ്റോമി ഡാനിയൽസിനു പണം നൽകിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടതായി ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു.2006 ജൂലൈയിൽ ലേക്ക് ടാഹോയിൽ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ ഡാനിയൽസ് പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006 ലാണ്. മെലനിയ മകൻ ബാരൺ ട്രംപിന് ജന്മം നൽകി നാലുമാസം ആയ കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ആരോപണം തെറ്റാണെന്നും ‘വ്യാജമായ ആരോപണങ്ങൾ’ അവസാനിപ്പിക്കാനാണു പണം നൽകിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ, 2016 ഒക്ടോബർ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോൺ – ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഡാനിയൽസ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീർപ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകൾ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഡാനിയൽസിന്റെ അന്നത്തെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സണ്ണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ആണ് എൻഡിഎയിൽ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. 2018 ൽ വോൾ സ്ട്രീറ്റ് ജേണൽ ആണ്, ഡാനിയൽസിനു ട്രംപ് പണം നൽകിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്.
അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ കൂടുതൽ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി നടപടികൾ. കുറ്റം ചുമത്തപ്പെട്ടവർക്കോ ജയിലിലടയ്ക്കപ്പെട്ടവർക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നു യുഎസിൽ നിയമമില്ലെങ്കിലും ട്രംപിന്റെ എതിരാളികൾ ഇത് ആയുധമാക്കാനിടയുണ്ട്. 2020ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള മറ്റു ക്രിമിനൽ കേസുകളിലും ട്രംപ് നടപടി നേരിടുന്നുണ്ട്. 2017–21 ൽ പ്രസിഡന്റായിരുന്നപ്പോൾ ജനപ്രതിനിധിസഭ രണ്ടു തവണ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് രക്ഷിക്കുകയായിരുന്നു.