27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വഴി ചോദിക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന കള്ളന്മാരെ വലയിലാക്കി പോലീസ്
Uncategorized

വഴി ചോദിക്കാനെന്ന വ്യാജേന എത്തി വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന കള്ളന്മാരെ വലയിലാക്കി പോലീസ്


മട്ടന്നൂർ: വഴി ചോദിക്കാനെന്ന വ്യാജേന വീടിനു മുന്നിൽ ചെന്ന് വീട്ടമ്മയുടെ അഞ്ചു പവൻ സ്വർണ മാല കവർന്ന സംഭവത്തിലെ 2 പ്രതികൾ പിടിയിൽ.

മാങ്ങാട്ടിടം കരിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശിയും ഇപ്പോൾ പടിക്കച്ചാലിൽ താമസിക്കുന്നതുമായ കെ.പി.നവാസ് (39) എന്നിവരെയാണ് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ 29ന് രാവിലെ ആറരയോടെ ചാലോട് – ഇരിക്കൂർ റോഡിൽ ടവർ സ്റ്റോപ്പിനു സമീപത്തെ ഉഷസ്സിൽ റിട്ട. അധ്യാപിക സി.ദേവി (77)യുടെ മാലയാണ് കവർന്നത്. വീടിനു മുന്നിലെ ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന ദേവിയുടെ അടുത്തേക്ക് കൂത്തുപറമ്പിലേക്ക് പോകേണ്ട വഴി ഏതാണെന്ന് ചോദിച്ചെത്തിയ യുവാവ് ദേവിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച് ഓടിപ്പോകുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൽ എത്തിയായിരുന്നു മാല കവർന്നത്. കഴുത്തിനു വേദന അനുഭവപ്പെട്ടതിനാൽ ദേവി മട്ടന്നൂർ ഗവ.ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.

ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടാനായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലെയും മറ്റും നൂറോളം സിസിടിവി കാമറകളിലെ ദൃശ്യം പരിശോധിച്ചു പ്രതികളെ കണ്ടെത്തി.

നവാസിനെ ഉരുവച്ചാലിൽ നിന്നും ഖാലിദിനെ ഇരിക്കൂറിൽ നിന്നുമാണ് പിടികൂടിയത്. പാലോട്ടു പള്ളി സ്വദേശിയുടെ സ്കൂട്ടർ വാങ്ങിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രതികളെ സംഭവ നടന്ന സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പിടിയിലായവർക്ക് മറ്റു കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൂത്തുപറമ്പ് എസി.പി മൂസ വള്ളിക്കാടന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

മട്ടന്നൂർ പ്രിൻസിപ്പൽ എസ്ഐ യു.കെ.ജിതിൻ, എ.എസ്ഐമാരായ ഷാജി, മിനേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എം.ഡി.ജോമോൻ, സി.രഗിനേഷ്, കെ.പി.രാഗേഷ്, കെ.രതീഷ്, എ.രഞ്ചിത്ത്, കെ.ജിനീഷ്, സി.വിനോദ്, കെ.വിപിൻ, പി.അശ്വിൻ, നിശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടാൻ പ്രയത്നിച്ചത്.

കവർച്ച നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവിന്റെ തിളക്കമായി. വഴി ചോദിച്ചു വീടിനു മുന്നിൽ എത്തിയ യുവാവ് വീട്ടമ്മയുടെ 5 പവൻ സ്വർണ മാല പൊട്ടിച്ച് ഓടി എന്നതല്ലാതെ മറ്റൊരു തെളിവും ഇല്ലാത്തിടത്തു നിന്നാണ് കേസിലെ രണ്ടു പ്രതികളെയും പിടികൂടിയത്.

ഇക്കഴിഞ്ഞ 29 നു രാവിലെ ചാലോട് – ഇരിക്കൂർ റോഡിലെ റിട്ട. അധ്യാപിക ദേവി വീടിനു മുന്നിൽ ഗേറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് മാല പൊട്ടിച്ച് ഓടിപ്പോയത്.

പിറകെ കുറച്ചു ദൂരം ടീച്ചർ ഓടിയെങ്കിലും കണ്ണിൽ നിന്നും മോഷ്ടാവ് ഓടി മറഞ്ഞിരുന്നു. വിവരമറിയിച്ച് 10 മിനുറ്റിനുള്ളിൽ മട്ടന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ഇതു വഴിയുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ പൊലീസ് എത്തി സിസിടിവി ഉൾപ്പെടെ ശാസ്ത്രീയമായ അന്വേഷണം നടത്തി. കൂടാതെ മാല പൊട്ടിച്ച വ്യക്തിയെ ടീച്ചർ വ്യക്തമായി കണ്ടിരുന്നതിനാൽ മോഷ്ടാക്കളുടെ പടങ്ങൾ കാണിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്നു ആറാമത്തെ ദിവസം നവാസ്, ഖാലിദ് എന്നീ 2 പ്രതികളും പിടിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഉരുവച്ചാൽ ടൗണിന് സമീപത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം നവാസിനെ പിടികൂടിയെങ്കിലും ഖാലിദ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഖാലിദിനായുള്ള തിരച്ചിൽ ചെന്നെത്തിയത് ഇരിക്കൂറിലാണ്.

രാത്രി വൈകിയാണെങ്കിലും ഇരിക്കൂറിൽ നിന്നു പൊലീസ് സംഘം പിടികൂടി. മാല പൊട്ടിച്ച് എത്തുന്ന ഖാലിദിനെ കൂട്ടിക്കൊണ്ടു പോകുന്നതിന് നാവാസ് കുറച്ചകലെ ഇരുചക്ര വാഹനവുമായി കാത്തിരിപ്പുണ്ടായിരുന്നു. മാല പൊട്ടിച്ച ശേഷം രണ്ടു പേരും ചുറ്റിക്കറങ്ങി കൂത്തുപറമ്പ് വഴിയാണ് സ്വന്തം വീടുകളിൽ എത്തിയത്. മാല തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ദേവിയമ്മ പറഞ്ഞു.

Related posts

യാത്രക്കാരൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന് സൂചന; പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കണ്ട ബാഗിൽ 11.9 കിലോ കഞ്ചാവ്

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Aswathi Kottiyoor

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

Aswathi Kottiyoor
WordPress Image Lightbox