• Home
  • Uncategorized
  • നെഞ്ചുപൊള്ളുന്ന ഓർമകളുമായി ഒരമ്മ കരഞ്ഞുതീർത്ത കനൽദൂരം; ഒടുവിൽ നീതി
Uncategorized

നെഞ്ചുപൊള്ളുന്ന ഓർമകളുമായി ഒരമ്മ കരഞ്ഞുതീർത്ത കനൽദൂരം; ഒടുവിൽ നീതി


അട്ടപ്പാടിയിലെ മധുവിന് നീതി തേടിയുള്ള കുടുംബാംഗങ്ങളുടെ യാത്ര ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. പ്രതികളിൽ ചിലരുടെ ബന്ധുക്കളുടെ ഭീഷണിയും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളും പല തവണ ഇവര്‍ അതിജീവിച്ചു. മകനെ നഷ്ടപ്പെട്ട വേദന ഇപ്പോഴും മല്ലി എന്ന അമ്മയുടെ നെഞ്ചു പൊള്ളിക്കുന്നുണ്ട്. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്ന് ആ അമ്മ പറയുന്നു.

മകന്റെ അകാല വിയോഗത്തില്‍ ആദ്യം തളര്‍ന്നുപോയ മല്ലിക്കും മധുവിന്റെ സഹോദരി സരസുവിനും നിരവധിപേരുടെ പിന്തുണയാണ് പോരാട്ടത്തിനുള്ള കരുത്ത് നല്‍കിയത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായി മല്ലിയും സരസുവും കയറി ഇറങ്ങാത്ത ഓഫിസുകളില്ല. പ്രതികൾ നാട്ടുകാരായതിനാല്‍ സ്വന്തം ഊരില്‍നിന്നു പോലും മതിയായ സഹായം ഇവര്‍ക്ക് ലഭിച്ചില്ല. ബോധപൂര്‍വം പലരും മധുവിന്റെ കുടുംബവുമായി അകലം പാലിച്ചു. ഇതിനിടെ, കേസില്‍നിന്നു പിന്മാറണമെന്ന ആവശ്യവുമായി പ്രതികളുടെ ബന്ധുക്കളുടെ ഭീഷണി വേറെ. ഒടുവില്‍, ദൂരെ നിന്നുപോലും ലഭിച്ച നിരവധിപേരുടെ പിന്തുണയാണ് കരുത്തായത്.

അഞ്ചു വർഷം നീണ്ട നിയമപോരാട്ടിനൊടുവിലാണ് അട്ടപ്പാടി മധു വധക്കേസിൽ കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിന്റെ വിചാരണവേളയിൽ നിരവധി സംഭവവികാസങ്ങൾക്കാണ് മണ്ണാർക്കാട് കോടതി സാക്ഷ്യം വഹിച്ചത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. കൂറുമാറിയ സാക്ഷിയെ കണ്ണു പരിശോധനയ്ക്കു വിധേയമാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും വിചാരണയ്ക്കിടെ ഉണ്ടായി.

കേസിന്റെ വഴികളിലൂടെ ഒരു യാത്ര…

∙ 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് മധുവിനെ കസ്റ്റഡിയിൽ എടുത്തത്.
∙അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനം വകുപ്പ് കേസും നിലവിലുണ്ട്.

∙കാട്ടിൽ പോകുന്നതിന്റെയും മധുവിനെ പിടികൂടി കൊണ്ടുവരുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മുക്കാലിയിൽ ആൾക്കൂട്ടം മധുവിനെ തടഞ്ഞു വച്ചത് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത് ഡിജിറ്റൽ തെളിവുകളെയാണ്. കോടതി മുറിയിൽ വിചാരണയ്ക്കിടെ പലതവണ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിച്ചു. വിചാരണ നീണ്ടു പോകുന്നതിന് എതിരെ മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വിചാരണ നടപടികളുടെ പുരോഗതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

∙അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രം സമർപ്പിച്ചത് 2018 മേയ് 23ന്.

∙അറസ്റ്റിലായ പ്രതികൾക്ക് 2018 മേയ് 31ന് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

∙കേസ് വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയിൽ. പ്രാഥമിക ഘട്ടത്തിൽ അന്നത്തെ ജഡ്ജി കെ.എസ്.മധുവാണു കേസ് പരിഗണിച്ചത്.

∙2022 ഏപ്രിലിലാണു നിലവിലെ ജഡ്ജി കെ.എം. രതീഷ്കുമാർ സ്പെഷൽ കോടതി ജഡ്ജിയായി ചുമതലയേറ്റത്.

∙ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ആദ്യം പാലക്കാട്ടെ അഭിഭാഷകൻ ഗോപിനാഥനെയും പിന്നീട് വി.ടി. രഘുനാഥിനെയും പ്രോസിക്യൂട്ടർമാരായി നിയമിച്ചു. ഇരുവരും ചുമതലയിൽ നിന്നു പിൻമാറി.

∙തുടർന്ന് 2022 ജനുവരി 16ന് സി.രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് എം.മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും നിയമിച്ചു. വിചാരണയുടെ ആദ്യഘട്ടത്തിൽ സാക്ഷികൾ തുടർച്ചയായി കൂറു മാറിയതിനെ തുടർന്ന് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു രാജേന്ദ്രനെ മാറ്റി പകരം രാജേഷ് എം.മേനോനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.

∙17 മാർച്ച് 2022 – പ്രതികളുടെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

∙28 ഏപ്രിൽ 2022 – പ്രോസിക്യൂഷൻ സാക്ഷിവിസ്താരം തുടങ്ങി

∙30 ജനുവരി 2023 – പ്രതിഭാഗം സാക്ഷി വിസ്താരം ആരംഭിച്ചു.

∙2 മാർച്ച് 2023 – പ്രോസിക്യൂഷൻ സാക്ഷി വിസ്താരം അവസാനിച്ചു

∙ മാർച്ച് 10 2023– കേസിന്റെ അന്തിമവാദം പൂർത്തിയായി

∙ ഏപ്രിൽ 4 2023– മണ്ണാർക്കാട് പട്ടികജാതി–വർഗ പ്രത്യേക കോടതിയുടെ വിധി. 16 ൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു.

∙ഏപ്രിൽ 5 2023– ശിക്ഷാവിധി

Related posts

‘മഞ്ചേരി ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ് പ്രാർത്ഥന’; പിതാവിൻ്റെ കൈകളിൽ മുത്തം നൽകണമെന്ന് കെ ടി ജലീൽ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്, ഹൈക്കോടതി വിധി പക്ഷേ വിചിത്രം’; ചോദ്യംചെയ്യുമെന്നും എം സ്വരാജ്

Aswathi Kottiyoor

കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox