27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • കെട്ടിട ഉടമകളിൽ നിന്നു സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളികൾക്കു പെൻഷനില്ല
Uncategorized

കെട്ടിട ഉടമകളിൽ നിന്നു സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളികൾക്കു പെൻഷനില്ല

തിരുവനന്തപുരം ∙ കെട്ടിടം നിർമിക്കുമ്പോൾ ഉടമകളിൽ നിന്നു പതിനായിരം രൂപ മുതൽ സെസ് പിരിച്ചിട്ടും നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങൾക്ക് ആറു മാസമായി പെൻഷൻ കൊടുക്കാൻ ഫണ്ടില്ല. പ്രതിമാസ പെൻഷനായ 1600 രൂപ അവസാനമായി നൽകിയത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്. അതിനുശേഷം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ അംഗങ്ങൾക്കു പെൻഷൻ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ മുടങ്ങി.

കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണു തൊഴിലാളികൾക്കു ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണച്ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണു സെസ്. 1995 നവംബറിനു മുൻപ് നിർമിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സെസ് ഇല്ല. എന്നാൽ, 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവു വന്നാൽ സെസ് ബാധകമാകും.

1996 ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമ പ്രകാരം ബിൽഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പു തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്കു നൽകണം. ലേബർ ഓഫിസർമാരാണു നോട്ടിസ് നൽകി തുക പിരിച്ചെടുക്കുക. കെട്ടിട നിർമാണത്തിനായി പെർമിറ്റ് ഫീസും തുടർന്നു പൂർത്തിയാകുമ്പോൾ മറ്റു ഫീസുകളും വർഷം തോറും വസ്തുനികുതിയും തദ്ദേശ സ്ഥാപനത്തിന് ഉടമ നൽകേണ്ടതുണ്ട്. ഇതിനു പുറമേ റവന്യു വകുപ്പിനു ഭൂനികുതിയും അടയ്ക്കണം. ഇതിനെല്ലാം പുറമേയാണു സെസ് പിരിവ്.

8 വർഷം കൊണ്ടു പിരിച്ചത് 280 കോടി

സെസും അംശദായവും ചേർത്തു 2015 മുതൽ 280 കോടി രൂപയാണു നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിനു ലഭിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 22 കോടി രൂപയാണു 2022–23 സാമ്പത്തിക വർഷം ലഭിച്ചത്. ബോർഡിൽ 20,73,178 (20.73 ലക്ഷം) പേരാണ് അംഗങ്ങളായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ഓഗസ്റ്റിൽ 3,60,226 അംഗങ്ങൾ പെൻഷൻ കൈപ്പറ്റി. 57.63 കോടി രൂപയാണ് ഇതിനായി മാസം വേണ്ടത്. 800 രൂപ കുടുംബ പെൻഷൻ, 1600 രൂപ അവശതാ പെൻഷൻ, 1600 രൂപ സാന്ത്വന ധനസഹായം, 10000 രൂപ വിവാഹ ധനസഹായം, 15,000 രൂപ പ്രസവ സഹായം, സാധാരണ രോഗങ്ങൾക്ക് 5000 രൂപ വരെ ചികിത്സ സഹായം എന്നിവയാണു ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ. ഇവയെല്ലാം മുടങ്ങിയിരിക്കുകയാണ്. തൊഴിലാളികളിൽ നിന്നു പ്രതിമാസം 50 രൂപ നിരക്കിൽ വർഷം 600 രൂപയാണ് അംശദായമായി ഈടാക്കുന്നത്.

Related posts

മാർക്ക് ദാന വിമർശനം; ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ

Aswathi Kottiyoor

കെ സി വൈ എം പ്രതിഷേധ ദീപം തെളിയിച്ചു.

Aswathi Kottiyoor

സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox