സംസ്ഥാനത്തെ രണ്ട് ദേശീയ പാതയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത 85ലെ അടിമാലി –- കുമളി, 766ലെ മലാപ്പറമ്പ് –- പുതുപ്പാടി പാതകളുടെ വികസനത്തിനായി 804.76 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായത്.
അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 350.75 കോടി രൂപയും കോഴിക്കോടിനെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1 കോടി രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രധാന ആവശ്യങ്ങളായിരുന്ന കൊടുവള്ളി, താമരശേരി ബൈപാസുകളെയും പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്.
ദേശീയ പാത 766ൽ 35 കിലോമീറ്റർ നവീകരിക്കാനുള്ള പദ്ധതി നിർദേശമാണ് സമർപ്പിച്ചിരുന്നത്. പാവ്‌ഡ് ഷോൾഡറുകളോടു കൂടിയ രണ്ടുവരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കാനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ പാത 766ന്റെ വികസനം പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ശേഷം പി എ മുഹമ്മദ് റിയാസ് നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒന്നാംഘട്ട ഭൂമിയേറ്റെടുക്കലിന് ഫണ്ട് അനുവദിച്ചിരുന്നു.