നല്ല ഭക്ഷണവും നല്ല ജീവിതചര്യകളുമാണ് ആരോഗ്യമുള്ള സമൂഹത്തിൻ്റെ കാതൽ. ആരോഗ്യകരമായ ബാല്യത്തിനായി അങ്കണ ആയുർവേദ പദ്ധതി നടപ്പാക്കുകയാണ് പായം ആയുർവേദ ഡിസ്പെൻസറി. ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, വിവ(വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ചാണ് അങ്കണ ആയുർവേദ നടപ്പാക്കുന്നത്. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ ചെന്നകേശ്വറിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 28 അങ്കണവാടികളും നേരിട്ട് സന്ദർശിച്ചാണ് ബോധവൽക്കരണം നടത്തുന്നത്. മെഡിക്കൽ ഓഫീസർ ഡോക്ടർ ചെന്നകേശ്വർ വി പദ്ധതി വിശദീകരിച്ചു
നല്ല ശീലങ്ങൾ , ആഹാര ശീലങ്ങൾ , വ്യായാമം എന്നിവയെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്കായി പരിശോധനകൾ, ഔഷധ വിതരണം എന്നിവയും സംഘടിപ്പിച്ചു. കുട്ടികളിലെ മാറി വരുന്ന ഭക്ഷ്യസംസ്കാരമാണ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന തിരിച്ചറിവിലാണ് അങ്കണ ആയുർവേദ നടപ്പാക്കുന്നത്. കൃത്രിമ മധുര പദാർഥങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കാനും ശുചിത്വ ശീലങ്ങൾ പാലിക്കാനുമുള്ള നിർദ്ദേശങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ മാനസികമായ വളർച്ചയ്ക്ക് വീടുകളുടെ അന്തരീക്ഷം പ്രധാനമാണ്. മാതാപിതാക്കൾ മറ്റു കുടുംബാംഗങ്ങൾ തമ്മിലുള്ള ആർദ്രവും സ്നേഹവുമായ ബന്ധം കുട്ടികളുടെ ആരോഗ്യത്തിൽ പ്രധാനമാണ്. പുറത്തിറങ്ങി കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരങ്ങൾ ഉറപ്പു വരുത്തുക, പ്രതിരോധശേഷി വർധിപ്പിക്കുക ,മൊബൈൽ ഫോണിൻ്റെ അമിതോപയോഗം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ വി ചെന്നകേശ്വർ പറഞ്ഞു.
അങ്കണ ആയുർവേദ പരിപാടിയുടെ സമാപനം പെരുവൻ പറമ്പ് അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. സഹകരിച്ച റിട്ടയേർഡ് ആയുർവേദ ഫാർമസിസ്റ്റ് തങ്കമണിയെ ആദരിച്ചു. ജീവനക്കാരെ അനുമോദിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ഗീത ,ഡോക്ടർ അനുശ്രീ ,ഡോക്ടർ അഞ്ജലീന തുടങ്ങിയവർ സംസാരിച്ചു
previous post