ന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം തള്ളി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ട. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
അതിനിടെ, ഭരണ–പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെ പാര്‍ലമെന്‍റ് ഇന്നും തടസ്സപ്പെട്ടു. ഇരുസഭകളും രണ്ടു മണിവരെ നിര്‍ത്തിവച്ചു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ പ്രതിഷേധിച്ചു. ടിഎംസി തനിച്ച് പ്രതിഷേധിച്ചു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചു. തുടര്‍ച്ചയായ ഏഴാം ദിവസവും സ്ഥിതി മാറ്റമില്ല.
വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ബിജെപി തീരുമാനം. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും പറയാനുള്ളത് പറയാമെന്നും സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല അഭ്യര്‍ഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷട്രപതി ജഗ്ദീപ് ധൻകര്‍ കക്ഷി നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. അദാനി വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയ് ചൗക്കില്‍ തനിച്ച് പ്രതിഷേധിച്ചു