അടിയന്തര പ്രമേയാവതരണത്തിന് അവസരം നിക്ഷേധിക്കുന്നുവെന്ന പ്രതിപക്ഷ വാദം അടിസ്ഥാനരഹിതം. പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ന് ശേഷം 254 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിൽ 239 തവണയും അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിക്കുകയും മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിശദീകരണം നൽകുകയും ചെയ്‌തു. പത്ത് തവണയാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്‌തത്.
പതിനാലാം നിയമസഭയിൽ 169 അടിയന്തര പ്രമേയ നോട്ടീസാണ് നൽകിയത്. ഇതിൽ ഒമ്പതെണ്ണത്തിന് മാത്രമാണ് അവതരണാനുമതി നിഷേധിക്കപ്പെട്ടത്. 160 എണ്ണം സഭയിലവതരിപ്പിക്കാൻ പ്രമേയാവതാരകർക്കായി. ആറ് തവണ സഭ നിർത്തിവെച്ച് രണ്ട് മണിക്കൂർ ചർച്ചയും നടന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 85 അടിയന്തര പ്രമേയ നോട്ടീസുകളുണ്ടായി. ഇതിൽ 79 എണ്ണവും അവതരിപ്പിച്ചു. ആറെണ്ണത്തിനേ അവതരണാനുമതി ഇല്ലാതുള്ളൂ. സ്വർണക്കടത്ത്, എകെജി സെന്റർ ആക്രമണം, വിഴിഞ്ഞം, കെ റെയിൽ വിഷയങ്ങളിൽ സഭ നിർത്തിവെച്ച് ചർച്ച നടന്നു. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന പതിമൂന്നാം നിയമസഭയിൽ 187 തവണ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ അഞ്ച് തവണ തള്ളുകയും 182 തവണ അവതരണാനുമതി ലഭിക്കുകയും ചെയ്‌തു. ആകെ അഞ്ച് തവണയേ സഭ നിർത്തിവെച്ചുള്ള ചർച്ചയ്‌ക്ക് ഉമ്മൻചാണ്ടി സർക്കാർ തയ്യാറായുള്ളൂ. രണ്ട് വർഷത്തിനുള്ളിൽ നാല് വിഷയങ്ങളിൽ അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുത്ത സർക്കാരിനെയാണ് പ്രതിപക്ഷം കണ്ണടച്ച് വിമർശിക്കുന്നത്.