27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 97-ാം ജന്മവാർഷികം
Uncategorized

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 97-ാം ജന്മവാർഷികം


‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം…..’,
‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’……. മാനവികതയിൽ ഊന്നിയുള്ള ആത്മീയതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായി ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി 1946 മുതൽ 3 കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം’ എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികള്‍ ഉടലെടുത്തത്. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇഎംഎസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീർത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012ലെ വയലാർ അവാർഡ്, 2016ലെ എഴുത്തച്ഛൻ പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 15 ന് അന്തരിച്ചു.

പതിറ്റാണ്ടുകൾ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവിൽ 2019 ലെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങിയത്.
Saji Abhiramam

Related posts

പത്തനംതിട്ട എം സി റോഡിൽ അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം: രണ്ട് പേർ മരിച്ചു

Aswathi Kottiyoor

ഒഴിവായത് വന്‍ദുരന്തം!, ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം, ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു

Aswathi Kottiyoor

വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും

Aswathi Kottiyoor
WordPress Image Lightbox