27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ബ്രഹ്മപുരം തീയിൽ പുകഞ്ഞു കത്തി സഭ; ഏറ്റുമുട്ടി സതീശനും വീണാ ജോർജും
Uncategorized

ബ്രഹ്മപുരം തീയിൽ പുകഞ്ഞു കത്തി സഭ; ഏറ്റുമുട്ടി സതീശനും വീണാ ജോർജും

തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ ഏറ്റുമുട്ടി. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണു ബ്രഹ്മപുരത്തെ തീപിടിത്തമെന്നും കൊച്ചി ഗ്യാസ് ചേംബറായി മാറാൻ കാരണം ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച കോൺഗ്രസ് അംഗം ടി.ജെ.വിനോദ് പറഞ്ഞു.
ഇതിനു മന്ത്രി എം.ബി.രാജേഷ് മറുപടി പറയവേ തീപിടിത്തത്തെക്കുറിച്ച് അന്വേഷണത്തിനു തയാറാണോ എന്നും ഒരു പരിചയവുമില്ലാത്ത കമ്പനിക്ക് എങ്ങനെ മാലിന്യ നീക്കത്തിന് അനുമതി നൽകിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇതോടെ കരാർ കമ്പനിയെ ന്യായീകരിക്കുന്നതിനുള്ള വാദങ്ങൾ മന്ത്രി ഒന്നൊന്നായി നിരത്തി. കമ്പനിക്കെതിരായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇൗ കമ്പനി 12 സംസ്ഥാനങ്ങളിലായി 2 ഡസനോളം നഗരങ്ങളിൽ മാലിന്യ സംസ്കരണത്തിനു നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ഭരണത്തിലുള്ള ജോധ്പുരിലും റായ്പുരിലും ഇൗ കമ്പനിയാണു മാലിന്യം സംസ്കരിക്കുന്നത്. അവർക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചാണു പ്രചാരണങ്ങളെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിലുടനീളം പ്രതിപക്ഷം ബഹളം വച്ചെങ്കിൽ വി.ഡി.സതീശൻ വാക്കൗട്ട് പ്രസംഗത്തിന് എഴുന്നേറ്റയുടൻ ഭരണപക്ഷം ബഹളം തുടങ്ങി. പെട്രോൾ ഒഴിച്ചു മാലിന്യം കത്തിച്ച കൊള്ളക്കാരായ കമ്പനിയുടെ പ്രതിനിധിയെപ്പോലെയാണു മന്ത്രി രാജേഷ് പ്രസംഗിച്ചതെന്നും വേണ്ടപ്പെട്ടവരെ രക്ഷിക്കാനാണ് ഇൗ നീക്കമെന്നും സതീശൻ തിരിച്ചടിച്ചു.

ഏറ്റുമുട്ടി സതീശനും വീണാ ജോർജും
ബ്രഹ്മപുരത്തിന്റെ പേരിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി വീണാ ജോർജും ഏറ്റുമുട്ടി. കൊച്ചിയിലെ ജനങ്ങളോടു മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന മന്ത്രിയുടെ പരാമർശത്തെ സതീശൻ വിമർശിച്ചതാണു തുടക്കം.

നമുക്ക് ഒരു ആരോഗ്യ മന്ത്രിയുണ്ടെന്നും വിഷപ്പുക നിറഞ്ഞു പത്താം ദിവസമാണു മാസ്‌ക് ധരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നാൽ പത്താം ദിവസമാണു മാസ്ക് ധരിക്കാൻ നിർദേശിച്ചതെന്ന ആരോപണം തെളിയിക്കാൻ സതീശനെ വെല്ലുവിളിക്കുന്നെന്നു മന്ത്രി വീണാ ജോർജ് തിരിച്ചടിച്ചു.

Related posts

സ്‌ട്രോക്ക് ബാധിച്ച ശബരിമല തീര്‍ത്ഥാടകന് തുണയായി ആരോഗ്യ വകുപ്പ്; തമിഴ്നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു

Aswathi Kottiyoor

വിവാദപ്രസ്താവനയില്‍ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

Aswathi Kottiyoor

‘വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി’: കോൺ​ഗ്രസിന് പരാജയ ഭീതിയെന്നും കെ കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox