ന്യൂഡൽഹി ∙ സ്വവർഗവിവാഹത്തിനു നിയമപരമായ സാധുത നൽകരുതെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബസങ്കൽപത്തോടു ചേരുന്നതല്ല സ്വവർഗവിവാഹമെന്നു കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ സ്വവർഗലൈംഗികബന്ധം ഉൾപ്പെടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയെങ്കിലും സ്വവർഗവിവാഹത്തിനു സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹർജിക്കാർ ക്ക് അവകാശപ്പെടാനാവില്ലെന്നാണു കേന്ദ്രത്തിന്റെ വാദം.
സ്വവർഗ വിവാഹം അംഗീകരിക്കുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങൾക്കു സാധുത നൽകുന്നതു വലിയ സങ്കീർണതകൾക്കു വഴിവച്ചേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. സ്വവർഗവിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. ഹർജികൾ ഇന്നു പരിഗണിക്കും.
32 രാജ്യങ്ങളിൽ നിയമപരം
ഹ്യൂമൻ റൈറ്റ്സ് ക്യാംപെയ്ൻ ഫൗണ്ടേഷന്റെ കണക്കുപ്രകാരം 32 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമപരമാണ്. രാജ്യങ്ങൾ ഇവ: അർജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബൽജിയം, ബ്രസീൽ, കാനഡ, ചിലെ, കൊളംബിയ, കോസ്റ്ററിക്ക, ഡെൻമാർക്ക്, ഇക്വഡോർ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഐസ്‍ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, മെക്സിക്കോ, നെതർലൻഡ്സ്, ന്യൂസീലൻഡ്, നോർവേ, പോർച്ചുഗൽ, സ്‌ലൊവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‍സർലൻഡ്, തയ്‌വാൻ, ബ്രിട്ടൻ, യുഎസ്, യുറഗ്വായ്
- Home
- Uncategorized
- സ്വവർഗവിവാഹം വേണ്ട: കേന്ദ്രം; നിയമപരമായ സാധുത നൽകരുതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം
next post