27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
Uncategorized

കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ക്കായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിപാലന കാലാവധി കഴിയുന്ന ദിവസം മനസ്സിലാക്കി റോഡുകളുടെ കരാര്‍ നേരത്തെ തന്നെ ടെന്‍ഡര്‍ വിളിച്ചുനല്‍കുന്ന പുതിയ കരാര്‍ സംവിധാനമാണിത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 30,000 കിലോ മീറ്റര്‍ റോഡുകളല്‍ 20026 കിലോ മീറ്റര്‍ റോഡുകളും റണ്ണിംഗ് കോണ്‍ട്രാക്ടിന്റെ പരിധിയില്‍ വരികയാണ്. ഇതിന്റെ ഭാഗമായി റണ്ണിംഗ് കോണ്‍ട്രാക്ടിന്റെ നീല ബോര്‍ഡുകള്‍ സ്ഥാപിച്ചുവരികയാണ്. ഓരോ റോഡും ആരുടെ ഉത്തരവാദിത്തമാണെന്ന് ജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കി ഇടപെടാന്‍ ഇതിലൂടെ സാധിക്കും. ബാക്കി വരുന്ന റോഡുകളില്‍ 80 ശതമാനം റോഡുകളും കിഫ്ബി പദ്ധതികളാണ്. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷയായി. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍, മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ യു പി ശോഭ, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കോഴിക്കോട് മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി കെ മിനി, മാലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജനാര്‍ദനന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ രേഷ്മ സജീവന്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി ശോഭ, ടി ബാലന്‍, സി വിജയന്‍, കാഞ്ഞിരാളി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
നിലവില്‍ ഈ പ്രദേശത്ത് പുഴ മുറിച്ചുകടക്കാന്‍ ഒരു പഴയ ഇടുങ്ങിയ നടപ്പാലം ആണുള്ളത്. ഈ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ മറുകരയില്‍ എത്തിച്ചേരുന്നത്. നടപ്പാതയോടെ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഈ ദുരിതത്തിന് അറുതിയാവും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും പാലം ഉപകരിക്കും.
പാലത്തിന് 60.60 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയും ഉണ്ടാവും. ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാലവും നിര്‍മ്മിക്കും. അടിത്തറയ്ക്ക് പൈല്‍ ഫൗണ്ടേഷനാണ്. മാലൂര്‍ ഭാഗത്ത് 84 മീറ്റര്‍ നീളത്തിലും ചിറ്റാരിപ്പറമ്പ ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡ് ഉണ്ടാവും.

Related posts

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ധൃതി വേണ്ട; ഗവര്‍ണറുടെ നിലപാടറിയാന്‍ സി.പി.എം

Aswathi Kottiyoor

പുഴപുറമ്പോക്ക് ലീസിന്: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

Aswathi Kottiyoor

മരണശേഷവും സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് ലക്ഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox