ജീവനക്കാർക്കെതിരായ കേസ്: കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി വേണ്ടെന്നു സർക്കാർ ജീവനക്കാർക്കെതിരേയുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു വിജിലൻസ് സർക്കുലർ. കേസ് നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്ന് വിജിലൻസ് വിശദീകരിച്ചു.
സർക്കാർ ജീവനക്കാർക്കെതിരേ കേസ് നടപടികളിലേക്കു കടക്കുന്നതിനുള്ള മറ്റു നടപടിക്രമങ്ങളിൽ മാറ്റമില്ല. വിജിലൻസ് മാന്വൽ പ്രകാരമുള്ള നടപടിക്രമങ്ങൾ തുടർന്നും പാലിക്കണം.
സർക്കാർ അനുമതി വാങ്ങി അന്വേഷണം നടത്തിയതിനു ശേഷം കുറ്റപത്രം സമർപ്പിക്കാൻ വീണ്ടും അനുമതി വാങ്ങുന്നത് കേസ് പൂർത്തിയാക്കുന്നതിന് അനാവശ്യ കാലതാമസം വരുത്തുന്ന സാഹചര്യത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചത്.