24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാർഷിക സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള ഡി.പി.ആർ ക്ലിനിക്കുമായി വൈഗ മേള ശനിയാഴ്ച മുതൽ
Kerala

കാർഷിക സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള ഡി.പി.ആർ ക്ലിനിക്കുമായി വൈഗ മേള ശനിയാഴ്ച മുതൽ

*18 സെമിനാറുകൾ, 210 സ്റ്റാളുകൾ, കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ വൈഗ അഗ്രിഹാക്ക്, ബി ടു ബി മീറ്റ്*

സംസ്ഥാനത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം, എന്നീ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനുമുള്ള വൈഗ മേള ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 25 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ‘കാർഷിക മേഖലയിൽ മൂല്യവർദ്ധിത ശൃംഖലയുടെ വികസനം’ എന്ന ആശയത്തെ മുൻനിർത്തിയാണ് ആറാമത് വൈഗ സംഘടിപ്പിക്കുന്നത്. കാർഷികമേഖലയിലെ സംരംഭകത്വ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള ഡി.പി.ആർ (ഡീറ്റേൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) ക്ലിനിക് ആണ് ഇത്തവണ വൈഗയുടെ പ്രത്യേകത.

‘സംരംഭകരാകാൻ ഒട്ടേറെ കർഷകർ മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാൽ ഇവരുടെ ആശയങ്ങൾക്ക് ബാങ്കിൽ നിന്ന് വായ്പ ലഭിക്കാവുന്ന രീതിയിൽ പ്രോജക്ട് തയ്യാറാക്കുന്നതിൽ ദൗർബല്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഡി.പി.ആർ തയ്യാറാക്കുന്നതിൽ പരിശീലനം നൽകുന്ന ഡി.പി.ആർ ക്ലിനിക്കിന് പ്രാമുഖ്യം നൽകുന്നതെന്നു കൃഷി മന്ത്രി വ്യക്തമാക്കി. ഒരു സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസ്സ്, പ്രൊഡക്ഷൻ യൂണിറ്റ് കപ്പാസിറ്റി തുടങ്ങി എല്ലാ മേഖലകളും കോർത്തിണക്കിയാണ് ഒരു സംരംഭത്തിന്റെ ഡി.പി.ആർ രൂപകല്പന ചെയ്യുന്നത്. ഇങ്ങനെ വ്യക്തമായും സ്പഷ്ടമായും സമർപ്പിക്കുന്ന ഡി.പി.ആർ അനുസരിച്ചായിരിക്കും ബാങ്കുകൾ ലോണുകൾ അനുവദിക്കുക. ഓൺലൈനായി രജിസ്റ്റർ ചെയ്ത 118 അപേക്ഷകളിൽ നിന്ന് ഇൻറർവ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങൾ തെരഞ്ഞെടുക്കുകയും അതിൽനിന്ന് 50 മാതൃകാ സംരംഭങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മാതൃകാ സംരംഭങ്ങളെ ആയിരിക്കും ഡി.പി.ആർ ക്ലിനിക്കിൽ ഉൾപ്പെടുത്തുക എന്ന് കൃഷിമന്ത്രി പറഞ്ഞു.

സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ തന്റെ സ്വപ്നങ്ങളും അതിനുവേണ്ടി ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും ഒരു വിദഗ്ധ പാനൽ മുമ്പാകെയാണ് അവതരിപ്പിക്കുക. പാനലിൽ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ, നബാർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടാകും. ഡി.പി.ആർ ക്ലിനിക്കിന്റെ ഇടപെടലോടെ സംരംഭകരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതുമായ കുറ്റമറ്റ ഡി.പി.ആർ തയ്യാറാക്കാൻ സാധിക്കും. മാർച്ച് ഒന്നിന് ഡി.പി.ആറുകൾക്ക് അന്തിമരൂപം നൽകുകയും തുടർന്ന് സംരംഭങ്ങൾക്ക് അവ കൈമാറുകയും ചെയ്യാനാണ് ഉദ്ദേശ്യം.

ബിസിനസ് ടു ബിസിനസ് മീറ്റ് ആണ് വൈഗയുടെ മറ്റൊരു പ്രത്യേകത. കേരളത്തിലെ തനത് കാർഷികോൽപ്പന്നങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഉണ്ടെങ്കിലും അവ ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് വരുമാനം ലഭിക്കാത്ത പശ്ചാത്തലത്തിൽ ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്നങ്ങൾ വിപണിയിൽ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കർഷകർക്ക് പൂർണ തോതിൽ ലഭിക്കുന്നതിനുമാണ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുന്നത്.

മീറ്റ് ഫെബ്രുവരി 28 മുതൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കും. ഏകദേശം 145 ഉൽപ്പാദകരുടെ ഉൽപ്പന്നങ്ങൾ ബി ടു ബി മീറ്റിലൂടെ വിറ്റഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 60 ഓളം വിപണന മേഖലയിലുള്ള ഏജൻസികൾ പങ്കെടുക്കുന്ന മീറ്റിൽ നൂറു കോടി രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒരു കൃഷിഭവൻ ഒരു മൂല്യവർദ്ധിത ഉല്പന്നം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 500 ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്ന പ്രക്രിയയും ബിസിനസ് ടു ബി ബിസിനസ് മീറ്റിന്റെ ഭാഗമായി ഉണ്ടാകും. കാർഷിക മേഖലയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ആയ വൈഗ അഗ്രിഹാക്ക് 2023 ഇതോടൊപ്പം നടക്കും. വെള്ളായണി കാർഷിക കോളേജിൽ ഫെബ്രുവരി 25 മുതൽ 27 വരെയാണ് അഗ്രിഹാക്ക്. കാർഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കും. 30 ടീമുകൾ പങ്കെടുക്കുന്ന ഹാക്കത്തോൺ ഗ്രാന്റ് ഫിനാലെയിൽ ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 50,000, 25,000, 15,000 രൂപ വീതവും സർട്ടിഫിക്കറ്റുകളും നൽകും.

ചടങ്ങിൽ കൃഷിവകുപ്പ് ഫാമുകളിലെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ‘കേരൾ അഗ്രോ’ ബ്രാൻഡിന്റെ ലോഗോ പ്രകാശനം ധനമന്ത്രി കെ.എൻ ബാലഗോപാലൻ നിർവഹിക്കും. മാർച്ച് 31ന് മുമ്പ് 100 ഉൽപ്പന്നങ്ങൾ കേരൾ അഗ്രോ ബ്രാൻഡിൽ വിപണിയിലെത്തിക്കലാണ് ലക്ഷ്യം. 65 ഉൽപ്പന്നങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. ഇതിനുപുറമേ 18 കാർഷിക സെമിനാറുകൾ, 210 സ്റ്റാളുകളുടെ പ്രദർശനം, ശില്പശാല, ഡെമൊൺസ്‌ട്രേഷൻ, സാംസ്‌കാരിക പരിപാടികൾ എന്നിവയും വൈഗയിൽ ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങിൽ അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കൃഷി മന്ത്രിമാർ പങ്കെടുക്കും. പത്മശ്രീ ചെറുവയൽ രാമൻ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, നബാർഡ് ചെയർമാൻ കെ.വി ഷാജി എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, ഡയറക്ടർ അഞ്ജു കെ.എസ് എന്നിവർ പങ്കെടുത്തു.

Related posts

കെഎസ്‌ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റിന് ഇരട്ടി വരുമാനം

കൂറ്റന്‍ മലമ്പാമ്പിനെ കണ്ടെത്തി

Aswathi Kottiyoor

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

Aswathi Kottiyoor
WordPress Image Lightbox