ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭക്തര്‍ക്ക് നെറ്റിയിലിടുന്നതിന് മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയും, മത പണ്ഡിതന്മാരും ആയി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഴുക്കാപ്പിനും, കളഭചാര്‍ത്തിനും യഥാര്‍ഥ ചന്ദനം മാത്രമേ ഉപയോഗിക്കാവൂ. മിക്ക ക്ഷേതങ്ങളിലും ഒരു ദിവസം, ഒരു ഭക്തന്റെ മുഴുക്കാപ്പും, കളഭച്ചാര്‍ത്തും മാത്രമേ നിലവില്‍ വഴിപാടായി അനുവദിക്കുന്നുള്ളു. അതിനാല്‍ യഥാര്‍ത്ഥ ചന്ദനം ആണ് ഉപയോഗിക്കുന്നതെങ്കില്‍ വഴിപാട് നടത്തുന്ന ഭക്തന് വലിയ ചെലവ് വരും. ഈ സാഹചര്യത്തില്‍ ഒരു ദിവസം പത്ത് മുതല്‍ ഇരുപത് വരെ മുഴുക്കാപ്പുകളും, കളഭച്ചാര്‍ത്തും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതിലൂടെ വഴിപാടുകളുടെ നിരക്ക് കുറച്ച് ദേവസ്വം ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്നും ജസ്റ്റിസ് കെ.ടി ശങ്കരന്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഗുണനിലവാരമുള്ള യഥാര്‍ത്ഥ ചന്ദനമാണ് പൂജക്കും, പ്രസാദത്തിനും ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണം. ഇതിനായി സംസ്ഥാന വനംവകുപ്പില്‍നിന്ന് ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ചന്ദന മുട്ടി സുതാര്യമായ നടപടിക്രമങ്ങളിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാങ്ങി വിതരണം ചെയ്യണം. എല്ലാ ക്ഷേത്രങ്ങളിലും ചാണകത്തില്‍ നിന്നുള്ള യഥാര്‍ഥ ഭസ്മം ലഭ്യമാക്കുന്നതിനുള്ള നയപരമായ തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനാണ് ജസ്റ്റിസ് കെ.ടി ശങ്കരനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. തങ്ങളുടെ കീഴിലുള്ള 1200-ഓളം ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍നിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേന്മയുള്ള പൂജാസാധനങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി ശങ്കരനെ ചുമതലപ്പെടുത്തിയത്. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നിലവില്‍ കേന്ദ്ര നിയമ കമ്മീഷന്‍ അംഗമാണ്.