വേനൽച്ചൂടേറിയതിനാൽ തീ പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി അഗ്‌നിരക്ഷാ സേന. ചെറിയ തീപ്പൊരിയിൽ കത്തിയമരുന്നത് ഏക്കർക്കണക്കിന് കശുമാവിൻ തോട്ടങ്ങളും റബർ തോട്ടങ്ങളും പക്ഷികളും ഇഴ ജന്തുക്കളുമാണ്. പുതുവർഷം പിറന്ന് ഒന്നര മാസം പിന്നിടുമ്പോൾ ജില്ലയിലെ പത്ത് ഫയർ സ്റ്റേഷനുകളുടെ കീഴിൽ 217 സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഏറ്റവും കൂടുതൽ തളിപ്പറമ്പ് അഗ്‌നിനിലയ പരിധിയിലാണ്. ജില്ലയിൽ 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
കത്തിയമരുന്നത്
കശുമാവിൻ തോട്ടങ്ങൾ
കഴിഞ്ഞ ദിവസം തളിപ്പറമ്പ് കാരക്കുണ്ടിലും മുടിക്കാനത്തുമുണ്ടായ തീപിടിത്തത്തിൽ 70 ഏക്കറിലെ പച്ചപ്പാണ് കത്തിയമർന്നത്. 10 ഏക്കറോളം കശുമാവിൻ തോട്ടം കത്തിനശിച്ചു. അഗ്നിരക്ഷാ സേന മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.
കാഞ്ഞിരങ്ങാട്–- ചെനയന്നൂർ കോളനി റോഡിൽ പാറപ്രദേശത്തുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിന് കശുമാവിൻ തോട്ടം കത്തിനശിച്ചു. കുറുമാത്തൂർ വില്ലേജ് ഓഫീസിന് സമീപത്തുണ്ടായ തീപിടിത്തത്തിൽ മൂന്നേക്കറിൽ കശുമാവ്, തെങ്ങ് എന്നിവ നശിച്ചു. തളിപ്പറമ്പ് താലൂക്ക് പരിധിയിൽ കാരക്കുണ്ട്, കുറുമാത്തൂർ, എളമ്പേരം, ചെനയന്നൂർ, ശ്രീകണ്‌ഠപുരം കക്കണ്ണപ്പാറ എന്നിവിടങ്ങളിലാണ് തീപിടിത്ത സാധ്യതാ പ്രദേശങ്ങൾ.
വലയുന്നത് ജീവനക്കാർ
വിശ്രമമില്ലാതെ രാപ്പകൽ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് അഗ്‌നിരക്ഷാ സേനയിലെ ജീവനക്കാർ. നിത്യേന മൂന്ന്, നാല് സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടാകുന്നത്. തളിപ്പറമ്പ് സ്‌റ്റേഷൻ പരിധിയിൽ 39 ജീവനക്കാർ വേണ്ടിടത്ത് 27 പേരാണുള്ളത്. വലിയ തീപിടിത്തങ്ങളിൽ ഈ കുറവ് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു.
ഏക്കറോളം സ്ഥലത്ത് തീപടർന്ന് നാട്ടുകാർക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വരുമ്പോഴാണ് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുന്നത്. വണ്ടിക്ക് എത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ ബക്കറ്റിൽ വെള്ളമെത്തിച്ചും പച്ചക്കമ്പ് ഉപയോഗിച്ചുമാണ് തീയണയ്‌ക്കുന്നത്.
തീപടരുന്നതിന് കാരണം
അശ്രദ്ധമായി ചപ്പുചവറുകളും പാഴ് വസ്തുക്കളും കത്തിക്കുന്നതും സിഗരറ്റ് കുറ്റി, തീപ്പെട്ടി കോൽ എന്നിവ വലിച്ചെറിയുന്നതും അപകടത്തിനിടയാക്കുന്നു.
നിവാരണ മാർഗങ്ങൾ
വേനൽക്കാലത്ത് ചൂട് കൂടുതലുള്ളതിനാൽ വീട്, പറമ്പ്, ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റി മതിയായ ഫയർ ബ്രേക്കുകൾ ഉണ്ടാക്കണം.ചപ്പുചവറുകൾ തീയിടുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. തീ പൂർണമായും അണയ്‌ക്കാൻ ശ്രദ്ധിക്കണം.