23.6 C
Iritty, IN
July 15, 2024
  • Home
  • kannur
  • കുതിക്കാം, സ്വപ്‌നപാതയിലൂടെ : കണ്ണൂർ മാറുന്നു
kannur

കുതിക്കാം, സ്വപ്‌നപാതയിലൂടെ : കണ്ണൂർ മാറുന്നു

ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌ കണ്ണൂരിന്റെ മാറ്റം. ആറ്‌ വരിപ്പാതയെന്ന സ്വപ്‌നത്തിലേക്ക്‌ അതിവേഗമാണ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. ആയിരക്കണക്കിന്‌ തൊഴിലാളികളും യന്ത്രസാമഗ്രികളുമായി ദേശീയപാത വികസനം മുന്നേറുന്നു. പ്രധാനപാലങ്ങളുടെ പ്രവൃത്തിയും തുടങ്ങി.
ഭൂവുടമകൾക്ക്‌ പൊന്നുംവില നൽകിയാണ്‌ ഓരോ സെന്റും ഏറ്റെടുത്തത്‌. രാജ്യത്താദ്യമായി ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം തുക ചെലവഴിച്ചതും കേരളത്തിലാണ്‌. നീലേശ്വരം–- തളിപ്പറമ്പ്‌ റീച്ചിൽ മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും തളിപ്പറമ്പ്‌ മുതൽ മുഴപ്പിലങ്ങാട്‌ വരെ വിശ്വസമുദ്ര എൻജിനിയറിങ്ങുമാണ്‌ പ്രവൃത്തി നടത്തുന്നത്‌.
ആകാശപ്പാതയ്‌ക്ക്‌
തൂണുയർന്നു
മുഴപ്പിലങ്ങാട്‌ മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ്‌ വരെ ഒരേ സമയമാണ്‌ വീതികൂട്ടൽ പ്രവൃത്തി. കണ്ണൂർ, തളിപ്പറമ്പ്‌, പയ്യന്നൂർ ബൈപാസുകളുടെ നിർമാണവും ഒപ്പമുണ്ട്‌. ദേശീയപാത ആറ്‌ വരിയാക്കുന്ന പ്രവൃത്തി 21.38 ശതമാനം പൂർത്തിയായെന്ന്‌ നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ(എൻഎച്ച്‌എഐ) അറിയിച്ചു. കാര്യങ്കോട്‌, കുപ്പം, പെരുമ്പ പാലങ്ങളുടെ പ്രവൃത്തി തുടങ്ങി. കലുങ്കുകൾ, മേൽപാലങ്ങൾ, അടിപ്പാതകൾ, ചെറുകിട പാലങ്ങൾ, ഓവ്‌ചാലുകൾ എന്നിവയുടെ ജോലിയും തുടരുന്നു.
കണ്ണൂർ ചാല മിംസ്‌ ആശുപത്രിക്ക്‌ സമീപം ബൈപാസിൽ ഒരു കിലോമീറ്ററോളം റോഡ്‌ ടാർ ചെയ്‌തു ഗതാഗതത്തിന്‌ തുറന്നു. കണ്ണൂർ ബൈപാസിൽ താഴെ ചൊവ്വ കിഴുത്തള്ളി മുതൽ ഏതാനും മീറ്റർ ആറ്‌വരി ആകാശപ്പാതയാണ്‌. ഇതിനുള്ള തൂൺ നിർമാണം പൂർത്തിയാകുന്നു. കണ്ണൂർ, തളിപ്പറമ്പ്‌, പയ്യന്നൂർ തുടങ്ങിയ പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയാണ്‌ ദേശീയപാത നിർമാണം. 22 വില്ലേജുകളിലൂടെയാണ്‌ 63.55 കിലോമീറ്റർ ദേശീയപാത കടന്നുപോവുന്നത്‌.
മുഴപ്പിലങ്ങാട്‌–- 
തളിപ്പറമ്പ്‌ റീച്ച്‌
ഒരു പ്രധാനപാലവും മൂന്ന്‌ ചെറുകിട പാലങ്ങളും 5 വയഡക്ടുകളും 5 മേൽപാലങ്ങളും 91 ബോക്‌സ്‌ കൾവർട്ടും 6 മേൽപ്പാതയും 3 അടിപ്പാതയുമാണ്‌ മുഴപ്പിലങ്ങാട്‌–- തളിപ്പറമ്പ്‌ റീച്ചിൽ. ഏതാനും സ്ഥലങ്ങളിൽ കൂടി മേൽപ്പാലങ്ങളുടെ നിർദേശമുണ്ട്‌. തളിപ്പറമ്പ്‌–-നീലേശ്വരം റീച്ചിൽ മൂന്ന്‌ പ്രധാന പാലങ്ങളും രണ്ട്‌ ഫ്‌ളൈഓവറും ആറ്‌ അടിപ്പാതയും(വിയുപി) ഏഴ്‌ ചെറുകിട വാഹനങ്ങൾക്കുള്ള അടിപ്പാത (എൽവിയുപി)യുമാണുണ്ടാവുക.
ഓവുചാലുകൾ റെഡി
ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുഭാഗത്തും ഓവ്‌ചാൽ നിർമാണം പൂർത്തിയായിവരുന്നു. മുഴപ്പിലങ്ങാട്‌ മുതൽ ചാലവരെയുള്ള ഭാഗത്ത്‌ റോഡ്‌ മണ്ണിട്ടുയർത്തുകയാണിപ്പോൾ. സർവീസ്‌ റോഡ്‌ നിർമാണവുമുണ്ട്‌. എടക്കാട്‌ റെയിൽവേ സ്‌റ്റേഷനടുത്ത്‌ അടിപ്പാത നിർമാണം ഒരുഭാഗം പൂർത്തിയായി. ഭൂമിനിരപ്പാക്കൽ, കെട്ടിടം പൊളിക്കലും മരംമുറിയും, വൈദ്യുതി തൂണുകൾ മാറ്റലുമടക്കം പൂർത്തിയാക്കിയാണ്‌ റോഡ്‌ നിർമാണത്തിലേക്ക്‌ കടന്നത്‌.
ബോക്‌സ്‌ കൾവർട്ടുകളും ഓവ്‌ചാലുകളും ഒരു കേന്ദ്രത്തിൽ നിർമിച്ച്‌ ആവശ്യമായ സ്ഥലങ്ങളിലെത്തിച്ച്‌ യോജിപ്പിക്കുകയാണ്‌. ദേശീയപാത വികസനത്തിന്‌ തടസ്സമായിനിന്ന തളിപ്പറമ്പ് കീഴാറ്റൂർ വയലിൽ തൂണുകൾ ഉയർന്നു. തളിപ്പറമ്പ്‌, പയ്യന്നൂർ, കണ്ണൂർ ബൈപാസുകളിൽ റോഡ്‌ മണ്ണിട്ട്‌ ഉയർത്തുന്ന ജോലി പുരോഗമിക്കുന്നു.
കുരുക്കിന്‌ ബൈ ബൈ
ഗതാഗതക്കുരുക്കിനെ ശപിച്ചുള്ള ദേശീയപാതയിലെ യാത്രയോട്‌ ഇനി വൈകാതെ സലാം പറയാം. സുഗമമായ യാത്രയ്‌ക്ക്‌ വഴിയൊരുക്കുകയാണ്‌ ദേശീയപാത വികസനത്തിലൂടെ. താഴെചൊവ്വ, കണ്ണൂർ, പുതിയതെരു, തളിപ്പറമ്പ്‌, പയ്യന്നൂർ തുടങ്ങി കുരുക്കുതീർക്കുന്ന പട്ടണങ്ങളെല്ലാം ഒഴിവാക്കിയാണ്‌ ദേശീയപാത കടന്നുപോകുക. അടിസ്ഥാന സൗകര്യ വികസനരംഗത്ത്‌ ജില്ല കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്‌.
യു ട്യൂബർമാരും 
കണ്ണൂരിലേക്ക്‌
കണ്ണൂർ ജില്ലയിലെ ദേശീയപാത നിർമാണ പുരോഗതി പകർത്തുകയാണിപ്പോൾ വ്‌ളോഗർമാരും യൂട്യൂബർമാരും. നിർമാണ പുരോഗതിയുടെ കൃത്യമായ ചിത്രവും മനോഹരമായ കാഴ്‌ചയും ഇവർ ലോകത്തിന്‌ മുന്നിൽ എത്തിക്കുന്നു.
ബീമുകൾ ചെന്നൈയിൽ തയ്യാറാകുന്നു
ബൈപാസിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ തൂൺ മാത്രമാണ്‌ പൂർത്തിയായത്‌. ബീമുകൾ ചെന്നൈയിലെ റെയിൽവേ നിർമാണകേന്ദ്രത്തിൽ തയ്യാറായിവരുന്നു. വിദഗ്‌ധസംഘം പരിശോധിച്ച്‌ അന്തിമാനുമതി നൽകിയതോടെ ബീമുകൾ ഇനി വേഗം വർക്‌ സൈറ്റിലെത്തും. അഴിയൂരിൽ ബീമുകൾ എത്തിച്ച്‌ തൂണിൽ ഘടിപ്പിച്ചശേഷം സ്ലാബ്‌ കോൺക്രീറ്റടക്കമുള്ള പ്രവൃത്തിയുമുണ്ട്‌.
നെട്ടൂർ ബാലത്തിൽ ഗർഡർ സ്ഥാപിച്ച ശേഷം സ്ലാബ്‌ കോൺക്രീറ്റ്‌ പ്രവൃത്തി ആരംഭിച്ചു. കോൺക്രീറ്റ്‌ ഭിത്തികെട്ടി മണ്ണിട്ടുയർത്തി റോഡ്‌ ടാർ ചെയ്യേണ്ട ജോലിയും പുരോഗമിക്കുന്നു. ഈ മാസംതന്നെ ബാലത്തിലെ റോഡ്‌ പ്രവൃത്തി തീർക്കാനാവുമെന്ന്‌ കരാറുകാർ പറഞ്ഞു. പാലം നീട്ടുന്നത്‌ സംബന്ധിച്ച്‌ എൻഎച്ച്എഐയുടെ അനുമതി കിട്ടാൻ താമസിച്ചതാണ്‌ ഇവിടെ പ്രവൃത്തിയെ ബാധിച്ചത്‌.

93 ശതമാനം പ്രവൃത്തിയും തീർന്നു
നാല്‌ പാലങ്ങളും 22 അടിപ്പാതയും പൂർത്തിയായ ബൈപാസിൽ ഇനി അരക്കിലോമീറ്റർ ടാറിങ്ങാണ്‌ ബാക്കി. പെയിന്റിങ്‌, തിരിച്ചറിയൽ ബോർഡ്‌, റിഫ്‌ളക്ടർ എന്നിവ സ്ഥാപിച്ചു. നിർമാണം പൂർത്തിയായ ഇടങ്ങളിൽ റോഡ്‌ അടയാളപ്പെടുത്തി മെറ്റൽ ബീം ക്രാഷ്‌ ബാരിയർ ഘടിപ്പിച്ചു. ബൈപാസിന്റെ 93 ശതമാനം ജോലിയും കഴിഞ്ഞു.
പാലയാടുനിന്ന്‌ നിട്ടൂർവരെ 900 മീറ്റർ നീളത്തിൽ ബൈപാസിലെ ഏറ്റവും വലിയ പാലമാണ്‌ ആദ്യം പൂർത്തിയായത്‌. മുഴപ്പിലങ്ങാടിനെ ധർമടം ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ പാലം, എരഞ്ഞോളി പുഴയിലെ പാലം, കവിയൂർ മുതൽ മാഹി റെയിൽവേ സ്‌റ്റേഷൻ വരെയുള്ള 870 മീറ്റർ പാലം എന്നിവ ബൈപാസിന്റെ ഭാഗമാണ്‌. 2017ൽ തുടങ്ങിയ ബൈപാസ്‌ നിർമാണം 30 മാസംകൊണ്ട്‌ പൂർത്തിയാക്കാനാണ്‌ കരാർ. പ്രളയവും കോവിഡുമാണ്‌ നിർമാണം വൈകിപ്പിച്ചത്‌.

കുപ്പിക്കഴുത്തുപോലുള്ള റോഡുകൾ
ബ്രിട്ടീഷുകാലത്തെ കുപ്പിക്കഴുത്ത്‌ പോലുള്ള റോഡിലൂടെയാണ്‌ തലശേരിയിലും മാഹിയിലും ദേശീയപാത കടന്നുപോയത്‌. ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പോലും പെട്ടുപോവുന്ന സങ്കടക്കാഴ്‌ചകളുണ്ടായി. മാഹി കടക്കാൻ യാത്രക്കാർ ഒന്നരയും രണ്ടും മണിക്കൂർ കാത്തിരുന്ന എത്രയെത്ര ദിനങ്ങൾ. തിരക്കേറിയ മാർക്കറ്റിലൂടെയാണ്‌ തലശേരി ടൗണിലും ദേശീയപാത കടന്നുപോയത്‌. ദുരിതയാത്രയിലും ജനങ്ങൾ പ്രതീക്ഷയർപ്പിച്ചത്‌ തലശരി–-മാഹി ബൈപാസിലാണ്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പ്രവൃത്തി രണ്ടാംപിണറായി സർക്കാറിന്റെ കാലത്ത്‌ തുറന്നുകൊടുക്കാൻ പോകുന്നു. വടക്കൻകേരളത്തിൽ ഗതാഗതരംഗത്തെ കുതിച്ചുചാട്ടമാണിത്‌.

യാത്ര അനുഭവമാകും
പുഴയും കുന്നും വയലുകളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര വേറിട്ട അനുഭവമാകും. അഞ്ചരക്കണ്ടി, ധർമടം, എരഞ്ഞോളി, മയ്യഴിപ്പുഴകൾക്ക്‌ കുറുകെയാണ്‌ ബൈപാസിലെ പാലങ്ങൾ. കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്ക്‌ കടക്കാൻ ബൈപാസിൽ രണ്ട്‌ വഴികളുണ്ട്‌. മാഹിപ്പാലം–-സ്‌പിന്നിങ്‌ മിൽ റോഡിലാണ്‌ സിഗ്നൽ ജങ്‌ഷൻ. തലശേരി–-ചൊക്ലി റോഡിൽ പാറാലിനടുത്ത സർവീസ്‌ റോഡിലൂടെയും ബൈപാസിലേക്ക്‌ പ്രവേശിക്കാം.

Related posts

കേരളസാഹിത്യോത്സവ് മത്സര പരിപാടികൾക്ക് വെള്ളിയാഴ്ച്ച തുടക്കം

Aswathi Kottiyoor

വെള്ളിയാഴ്ച 107 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ്, 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യകേന്ദ്രം തുടങ്ങും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox