പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സമീപവാസികൾ ഹൈക്കോടതിയിൽ നിന്ന് രണ്ടു വർഷത്തോളമായി സമ്പാദിച്ച സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി.ഇതോടെ ആസ്പത്രി ഭൂമിയുടെ മേലുള്ള മുഴുവൻ ഇടക്കാല ഉത്തരവുകളും ഒഴിവായി.
ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ 2021 ജൂലായിൽ സമ്പാദിച്ച ഇടക്കാല സ്റ്റേ ഓർഡറാണ് ഒരു വർഷവും ഏഴ് മാസത്തിനും ശേഷം ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങിയ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്.
മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സ്റ്റേ നിലനില്ക്കുന്നത് കാരണം ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം വർഷങ്ങളായി നിലച്ചിരുന്നു. കേസ് അനന്തമായി നീളുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ മടപ്പുരച്ചാൽ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നതോടെയാണ് സ്റ്റേ നീക്കം ചെയ്യുന്ന സ്ഥിതി വന്നത്.ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനുവാണ് ബേബി കുര്യന് വേണ്ടി ഹാജരായത്.
സർക്കാർ ആസ്പത്രി വികസനത്തിനെതിരെ രണ്ട് സർക്കാർ ഡോക്ടർമാർ തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിൻ്റെ നിജസ്ഥിതി അഡ്വ.വിമല ബിനു ഡിവിഷൻ ബെഞ്ച് മുമ്പാകെ അവതരിപ്പിച്ചു. പേരാവൂർ താലൂക്കാസ്പത്രിയിൽ മുൻപ് സൂപ്രണ്ട് ഇൻ ചാർജായി ജോലി ചെയ്തിരുന്ന ഡോക്ടർമാർ ഇക്കാര്യം മറച്ചു വെച്ചാണ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചെടുത്തത്. മാസ്റ്റർ പ്ലാൻ നടപ്പിലായാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ചാണ് ഇവർ സ്റ്റേ സമ്പാദിച്ചത്.
പേരാവൂർ താലൂക്കാസ്‌പത്രിയിയിൽ ജോലിക്ക് വന്നതിന് ശേഷമാണ് ഇരുവരും ആസ്പത്രിയുടെ അതിരിലുള്ള സ്ഥലം വാങ്ങി വീട് നിർമിച്ച് താമസം തുടങ്ങിയത്.
മലയോരത്തെ നിർധനരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പേരാവൂർ താലുക്കാസ്‌പത്രിയുടെ വികസനം തല്പര കക്ഷികൾ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് പൊതു താല്പര്യ ഹർജിയുമായി ബേബി കുര്യൻ ഹൈക്കോടതിയെ സമീപിച്ചത്.
സ്റ്റേ നീക്കം ചെയ്ത സാഹചര്യത്തിൽ ബഹുനില കെട്ടിട നിർമാണം ഉടനെ തന്നെ ആരംഭിക്കുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ നല്കുന്ന സൂചന.