ഇരിട്ടി: സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ചതിനെതിരെ പടിയൂർ പഞ്ചായത്തിലേക്ക് ബി ജെ പി മാർച്ചും ധർണ്ണയും നടത്തി. കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ പഞ്ചായത്ത് എട്ടാം വാർഡ് നിടിയോടിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചിരുന്നു. ഇത് വൻ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയതിന് പിന്നാലെയാണ് ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപി പടിയൂർ – കല്യാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ജില്ലാ ജനറൽ സിക്രട്ടറി ബിജു എളക്കുഴി ഉദ്‌ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അധികാരമുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്ന് ബിജു എളക്കുഴി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. ഇതിൽ രാഷ്ട്രീയം കലർത്തി അട്ടിമറിക്കാനാണ് സി പി എമ്മിന്റെ ശ്രമമെങ്കിൽ അതിനെ ശക്തിയുക്തം എതിർത്ത് തോൽപ്പിക്കാൻ ബി ജെ പി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഉദേഷ് കുമാർ അദ്ധ്യക്ഷനായി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് ജോർജ് മാത്യു, മട്ടന്നൂർ മണ്ഡലം ജനറൽ സിക്രട്ടറി പി. എസ്. പ്രകാശ് , ടി.ഒ. പ്രമോദ്, ഫൽഗുണൻ മാസ്റ്റർ , പ്രിയേഷ് കല്യാട്, ഷാജി പുത്തലത്ത്, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
previous post