ഇരിട്ടി: ഗ്രേറ്റ് ബോംബെ സർക്കസ് പുന്നാട് കുന്നിൻ കീഴിൽ മൈതാനിയിൽ വെള്ളിയാഴ്ച്ച മുതൽ പ്രദർശനം തുടങ്ങി. ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, അംഗങ്ങളായ കെ. സുരേഷ്, എ.കെ. ഷൈജു, കെ.സോയ , മുരളീധരൻ എന്നിവർ സംബന്ധിച്ചു. എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള വിഖ്യാത താരങ്ങൾക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന സർക്കസ് കലാകാരന്മാരും അണിനിരക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസ് ഇതാദ്യമായാണ് ഇരിട്ടിയിൽ എത്തുന്നത്. ഒരു മാസം നീളുന്ന സർക്കസ് മേളയിൽ ദിവസേന മൂന്ന് പ്രദർശനങ്ങളുണ്ടാവും. പകൽ ഒരുമണി, വൈകിട്ട് മൂന്ന്, രാത്രി ഏഴുമണിക്കുമാണ് പ്രദർശനം . എഴുപതോളം താരങ്ങൾ അണിനിരക്കും. കുറിയ മനുഷ്യർ ഒരുക്കുന്ന ഹാസ്യവിരുന്നും വിദേശി ഇനം പക്ഷികളുടെ സാഹസിക ഇനങ്ങളും വിവിധയിനം അക്രോബാറ്റിക്ക്പ്രദർശനങ്ങൾ, അക്രോബാറ്റിക്ക് നൃത്തങ്ങൾ, ട്രപ്പീസ് ഇനങ്ങൾ എന്നിവയും റഷ്യൻ സർക്കസിലെ നൂതന ഇനങ്ങളുമുണ്ടാവും. റോളർ അക്രോബാറ്റും പിരമിഡ്അക്രോബാറ്റും ബോംബെ സർക്കസിന്റെ സവിശേഷ ഇനങ്ങളാണെന്ന് ഉടമകൾ അറിയിച്ചു. നേപ്പാൾ, അസംം വനിതാ താരങ്ങളുടെ ‘ഉല്ലാഹൂപ്’ പ്രദർശനവും വൈവിധ്യമാണ്.