*പുതിയ തലമുറക്കാര്‍ അധികവും വിദേശത്ത്; കാലം മാറി, കല്യാണവും മാറണ്ടേ എന്ന് ഹൈക്കോടതി.*
കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നതിന് 30 ദിവസത്തെ നോട്ടീസ് അനിവാര്യമോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. പുതിയ തലമുറയില്‍ ഏറെയും വിദേശത്താണ്. വിവാഹത്തിനായി ചെറിയ അവധിയില്‍ നാട്ടില്‍വരുമ്പോള്‍ നോട്ടീസ് കാലയളവ് തടസ്സമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.
30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവുതേടി വിദേശത്തുനിന്ന് അവധിക്കെത്തിയ എറണാകുളം സ്വദേശികളായ വരനും വധുവും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി നോട്ടീസ് നല്‍കുന്നതിനുമുന്‍പ് കക്ഷികളില്‍ ഒരാള്‍ വിവാഹ ഓഫീസറുടെ പരിധിയില്‍ 30 ദിവസം താമസിച്ചിരിക്കണമെന്നാണ്. വീണ്ടും 30 ദിവസംകൂടി കാക്കണം രജിസ്റ്റര്‍ചെയ്യാന്‍. വിദേശത്തേക്ക് മടങ്ങേണ്ടതിനാല്‍ 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവുനല്‍കി ഇടക്കാല ഉത്തരവ് വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സര്‍ക്കാരുകളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.