*ആഗോള സാമ്പത്തിക വളർച്ച ഇടിയും; ‘ഇന്ത്യ തിളക്കമുള്ള ഇടം’: ഐഎംഎഫ്.*
വാഷിങ്ടൻ ∙ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളർച്ച 6.8 ശതമാനത്തിൽനിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയെപ്പറ്റി പോസിറ്റീവ് കാഴ്ചപ്പാടാണെന്നും രാജ്യം ‘തിളക്കമുള്ള ഇടം’ ആയി തുടരുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിലും കുറവുണ്ടാകുമെന്നാണു പ്രവചനം. 2022ലെ 3.4 ശതമാനത്തിൽനിന്ന് 2023ൽ 2.9 ശതമാനത്തിലേക്കു സാമ്പത്തിക വളർച്ച താഴും. ഇത് 2024ൽ 3.1 ശതമാനത്തിൽ എത്തിയേക്കും. ‘‘യഥാർഥത്തിൽ ഇന്ത്യയിലെ വളർച്ചാനിരക്കിൽ മാറ്റമുണ്ടാകുന്നില്ല. നടപ്പു സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ചയാണു ഞങ്ങൾ കണക്കാക്കിയത്. മാർച്ച് വരെ ഇതിനു കാലാവധിയുണ്ട്. അതിനുശേഷമുള്ള സാമ്പത്തിക വർഷത്തിൽ നേരിയ ഇടിവുണ്ടായി, വളർച്ച 6.1 ശതമാനമാകും. ബാഹ്യഘടകങ്ങളാണ് അതിനു കാരണം’’– ഐഎംഎഫ് റിസർച് ഡിപ്പാർട്ട്മെന്റ് ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പിയറെ ഒലിവർ ഗൗറിഞ്ചാസ് പറഞ്ഞു.2023ൽ 6.1 ശതമാനത്തിലെത്തുന്ന ഇന്ത്യയുടെ വളർച്ച, 2024ൽ 6.8 ശതമാനത്തിലേക്ക് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷ. ഏഷ്യയുടെ വളർച്ച 2023ൽ 5.3 ശതമാനവും 2024ൽ 5.2 ശതമാനവുമാകും. 2023ൽ ചൈനയുടെ വളർച്ച 5.2 ശതമാനത്തിലെത്തും; എന്നാൽ അടുത്ത വർഷം 4.5 ശതമാനത്തിലേക്ക് ഇടിയും. ചൈനയെയും ഇന്ത്യയെയും ഒരുമിച്ചെടുത്താൽ ആഗോള വളർച്ചയുടെ 50 ശതമാനവും ഈ രാജ്യങ്ങളിൽനിന്നാണ്– ഐഎംഎഫ് വിശദീകരിച്ചു. 2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐഎംഎഫ് നേരത്തേ പറഞ്ഞിരുന്നു.
- Home
- Uncategorized
- ആഗോള സാമ്പത്തിക വളർച്ച ഇടിയും; ‘ഇന്ത്യ തിളക്കമുള്ള ഇടം’: ഐഎംഎഫ്.*