വർഷങ്ങളായി വാട്ടർ ചാർജ് കുടിശിക വരുത്തിയ സർക്കാർ ഓഫിസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും കണക്‌ഷൻ അടുത്തമാസം മുതൽ വിഛേദിക്കും. 1643 കോടിയാണു കിട്ടാനുള്ളത്. ഇതിൽ 821 കോടി മാർച്ച് 31ന് അകം പിരിച്ചെടുക്കുകയാണു ലക്ഷ്യം.
കൂടുതൽ കുടിശികയുള്ള ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കുമാണ് ആദ്യം പിടി വീഴുക. പൊതുടാപ്പുകളുടെ വാട്ടർ ചാർജായി തദ്ദേശ സ്ഥാപനങ്ങൾ 955 കോടി രൂപയാണു ജല അതോറിറ്റിക്കു നൽകാനുള്ളത്. ആരോഗ്യവകുപ്പ് 127.52 കോടിയും.പൊതുടാപ്പുകളുടെ കണക്‌ഷൻ വിഛേദിക്കില്ല. പകരം തദ്ദേശസ്ഥാപനങ്ങളുടെ ഓഫിസുകളിലേതാണു വിഛേദിക്കുക. അവശ്യസർവീസ് ആയതിനാൽ ആശുപത്രികളെ ഒഴിവാക്കും. പകരം ആരോഗ്യവകുപ്പ് ഓഫിസുകളിലെ കണക്‌ഷൻ വിഛേദിക്കും. ആദ്യഘട്ടത്തിൽ ഉപയോക്താക്കൾക്കു കത്തു നൽകും. പിന്നാലെ ഡിസ്കണക‍്ഷൻ നോട്ടിസ്. മൂന്നാം ഘട്ടത്തിൽ കണക‍്ഷൻ വിഛേദിക്കും.
ജല അതോറിറ്റി എംഡി എസ്.വെങ്കിടേസപതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതു പ്രകാരം ചീഫ് അക്കൗണ്ട്സ് ഓഫിസറും ഫിനാൻസ് മാനേജരുമായ വി.ഷിജിത്ത് സർക്കുലർ പുറപ്പെടുവിച്ചു. വാട്ടർ ചാർജ് ലീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കുന്നതിനു മുൻപു കുടിശിക പിരിച്ചെടുക്കാനാണു ശ്രമം.