ഇന്ത്യയിൽ 1972ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗൂഗിൾ മീറ്റ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ അതിനു വിഘാതമാണ് രാജ്യത്തു നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം. ഇക്കാര്യം ചില ജഡ്ജിമാർ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിക്കു തന്നെ ആക്രമിക്കുന്ന ഒരു വ്യക്തിയിൽനിന്നു സംരക്ഷണം നേടാൻ വേണ്ടി വന്നാൽ അയാളെ കൊല്ലുന്നതിനുവരെ നിയമത്തിന്റെ ആനുകൂല്യം കിട്ടുന്ന നാടാണിത്. എന്നാൽ, ഒരു മൃഗത്തിന്റെ ആക്രമണത്തെ ചെറുക്കാൻ മനുഷ്യന് അവകാശമില്ലാത്ത സ്ഥിതിയാണ്. ഭരണഘടനാ വിരുദ്ധമായ വന്യ ജീവി സംരക്ഷണ നിയമത്തിനെതിരേ കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ ഇതുവരെ ആരും ഈ നിയമത്തെ ചോദ്യം ചെയ്തിട്ടില്ല. അങ്ങനെ ആരെങ്കിലും നിയമപോരാട്ടത്തിനു തയാറായാൽ ഈ നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞേക്കും.
വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് ഒരു കാലത്തും വനം വകുപ്പ് സത്യസന്ധമായ കണക്ക് പുറത്തുവിട്ടിട്ടില്ല. 1976ൽ തങ്ങളുടെ നേതൃത്വത്തിലാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടത്തിയത്. അതിന്റെ മൂന്നു മടങ്ങ് ആനകൾ ഇന്നു കാട്ടിലുണ്ട്. അതു പോലെ മറ്റു മൃഗങ്ങളും. മൃഗങ്ങളെ വേട്ടയാടുക എന്നത് പുരാതന കാലം മുതൽ നടക്കുന്നതാണ്. വെറുതെ കൊന്നു തള്ളുകയെന്നല്ല, ശാസ്ത്രീയമായ രീതിയിൽ അവയുടെ എണ്ണം കുറയ്ക്കാനുള്ള വേട്ടയാടൽ അനുവദിക്കണം.
ലോകത്തിലെ ഏറ്റവും മോശമായതും അശാസ്ത്രീയമായതുമായ വന്യജീവി മാനേജ്മെന്റാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇത്രയും കഠിന നിയമങ്ങൾ നടപ്പാക്കിയിട്ടും ഇന്ത്യക്കു പരിസ്ഥിതി സംരക്ഷണത്തിലുള്ള ലോക റാങ്ക് 150 ആണ്. അതേ സമയം ഒന്നാം സ്ഥാനത്ത് സ്വീഡനാണ്. സ്വീഡനിൽ വേട്ടയാടൽ നിയമാനുസൃതമാണു താനും. ലോക്കൽ ഭരണകൂടങ്ങളാണ് ഓരോ പ്രദേശത്തെയും വന്യജീവികളെ സംരക്ഷിക്കുന്നതും ആവശ്യമെങ്കിൽ അവയുടെ എണ്ണം നിയന്ത്രിക്കുന്നതും.
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാരല്ല ജനങ്ങളാണ് നിർവഹിക്കേണ്ടത്. ആ രീതിയിൽ ഇന്ത്യയിലെ വന്യജീവി നിയമം അടക്കം പൊളിച്ചെഴുതി മനുഷ്യനും മൃഗവും തമ്മിൽ കലഹമില്ലാത്ത സാഹചര്യം സൃഷ്ടിക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. പെരുകുന്ന കാട്ടുപന്നി അടക്കമുള്ളവയെ ശാസ്ത്രീയമായി വേട്ടയാടി ഭക്ഷണത്തിന് ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞ ശാസ്ത്രീയമായ വേട്ടയാടലിന്റെ അർഥം കേരളത്തിലെ വനംമന്ത്രി അടക്കമുള്ളവർക്ക് മനസിലായിട്ടില്ലെന്ന് സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തിയ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
വേട്ടയാടാനുള്ള ഗാഡ്ഗിൽ നിർദ്ദേശം സ്വീകാര്യമല്ലെന്നാണ് മന്ത്രി പറയുന്നതെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ നിലനിൽപ്പിനായി പൊരുതുന്ന ജനങ്ങൾക്കൊപ്പം ഗഡ്ഗിലിനെപ്പോലെ ഒരാൾ ഉണ്ടെന്നത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ ചർച്ചകൾ നിയന്ത്രിച്ചു.