വെല്ലിങ്ടണ്‍: ലേബർ പാർട്ടി നേതാവും ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായ ജസീന്ത ആർഡേണിന് പകരം ക്രിസ് ഹിപ്കിൻസ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. നിലവിൽ പോലീസ്, വിദ്യാഭ്യാസ മന്ത്രിയാണ് ഹിപ്കിൻസ്. ജസീന്ത ആർഡേൺ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്രിസ് ഹിപ്കിൻസ് എത്തുന്നത്.
ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജസീന്ത സ്വീകരിച്ച കർക്കശ നടപടികൾ അവരുടെ ജനപ്രീതി കുറയ്ക്കാൻ കാരണമായെന്ന് വിലയിരുത്തലുണ്ടായിരുന്നു. കർശന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കേണ്ടതായിരുന്നുവെന്ന് പിന്നീട് ക്രിസ് ഹിപ്കിൻസ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
ജസീന്തയുടെ രാജിയുമായി ബന്ധപ്പെട്ട് ന്യൂസിലാന്റിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. കോവിഡ് കാലത്ത് ജസീന്ത ആർഡേൻ സ്വീകരിച്ച നടപടി ഗുണം ചെയ്തിട്ടുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ അത്തരം വാദഗതികളെ തള്ളി മറ്റൊരു വിഭാഗവും ശക്തമായി രംഗത്തുണ്ട്. നിലവിൽ ന്യൂസിലാൻഡ് സമ്പദ് വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ജീവിതച്ചെലവ് ഗണ്യമായി വർധിക്കുകയും കുറ്റകൃത്യങ്ങളുടെ കണക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ജസീന്ത ആർഡേൻ പടിയിറങ്ങുന്നത്