ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴലിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ എല്ലാ പട്ടണങ്ങളുടെയും താങ്ങൽശേഷി പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. കർണപ്രയാഗ് അടക്കം സമീപ സ്ഥലങ്ങളിലും വിള്ളൽവീണ പശ്ചാത്തലത്തിലാണ് ഇത്. ജോഷിമഠിൽ എല്ലാ നിർമാണപ്രവർത്തനവും നിര്‍ത്താന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദേശിച്ചു. സാഹചര്യം പഠിക്കുന്നതിനായി സ്വതന്ത്രവിദഗ്‌ധരുടെ സമിതിക്ക് രൂപം നൽകാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി രണ്ടുമാസത്തിനകം റിപ്പോർട്ട് നല്‍കണം.
ജോഷിമഠ് നിവാസികൾക്ക് പുനരധിവാസ പാക്കേജായി 45 കോടി അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രശ്‌നബാധിതമായ അഞ്ചു സ്ഥലത്ത് ജിയോളജിക്കൽ സർവേ നടത്താനും ജോഷിമഠിലെ പ്രശ്‌നബാധിത കുടുംബങ്ങൾ സഹകരണ ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള വായ്‌പയ്‌ക്ക് ഒരു വർഷം മൊറട്ടോറിയം അനുവദിക്കാനും തീരുമാനിച്ചു. പൊതുമേഖലാ ബാങ്കുകളിലെ വായ്‌പകളുടെ കാര്യത്തിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയക്കും
വീടുകള്‍ ഒഴിഞ്ഞ് കുടുംബങ്ങള്‍
കർണപ്രയാഗിൽ എട്ടു കുടുംബത്തെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. കൂടുതൽ കേടുപാട് സംഭവിച്ച വീടുകളിൽ കഴിയുന്നവരെയാണ് മാറ്റിയത്. കർണപ്രയാഗിൽ ആകെ 39 വീടിനാണ് വിള്ളൽ വീണത്. വിള്ളൽ കൂടുന്ന സ്ഥിതിയുണ്ടായാൽ മറ്റു വീടുകളിൽ കഴിയുന്നവരെയും മാറ്റും. ജോഷിമഠുകാർക്ക് നൽകുന്നതിനു സമാനമായുള്ള നഷ്ടപരിഹാരം തങ്ങൾക്കും ലഭ്യമാക്കണമെന്ന് കർണപ്രയാഗ് നിവാസികൾ ആവശ്യപ്പെട്ടു.
ജോഷിമഠിൽ അപകടാവസ്ഥയിലുള്ള രണ്ടു ഹോട്ടൽ പൊളിച്ചുനീക്കുന്നതിനുള്ള നടപടി പുനരാരംഭിച്ചു. പൊളിക്കൽ പൂർത്തിയാക്കാൻ ഒരാഴ്‌ച വേണ്ടിവരുമെന്ന് സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു.