21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ആശുപത്രികളിലെ മരുന്നുക്ഷാമം: കൂടുതൽ മരുന്നു നൽകാൻ അനുമതി
Kerala

ആശുപത്രികളിലെ മരുന്നുക്ഷാമം: കൂടുതൽ മരുന്നു നൽകാൻ അനുമതി

സർക്കാർ ആശുപത്രികൾക്കുള്ള 90% വിതരണം പൂർത്തിയായിട്ടും പല ജില്ലകളിലും അവശ്യമരുന്നുകൾക്കു കടുത്ത ക്ഷാമം നേരിടുന്നതിനെ തുടർന്ന് പരിഹാര നടപടികളുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. ആശുപത്രികൾ തയാറാക്കി നൽകിയ വാർഷിക ഇൻഡന്റിന്റെ (ഒരു വർഷത്തേക്ക് എത്ര മരുന്ന് വേണ്ടിവരും എന്ന അനുമാനം) 25% അധികം മരുന്ന് ആശുപത്രികൾക്കു നൽകാൻ സംഭരണകേന്ദ്രം മാനേജർമാർക്ക് അനുമതി നൽകി. മരുന്ന് അധികമുള്ള കേന്ദ്രങ്ങളിൽ നിന്ന് സ്റ്റോക്ക് ഇല്ലാത്ത ആശുപത്രികളിലേക്കു മാറ്റാനും നിർദേശം കൊടുത്തു. ഏപ്രിൽ 1 മുതൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ വിതരണം ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ ഈയാഴ്ച പൂർത്തിയാക്കും.

ആന്റിബയോട്ടിക്കുകൾക്കുൾപ്പെടെ കടുത്ത ക്ഷാമമാണ് സർക്കാർ ആശുപത്രികളിൽ നേരിടുന്നത്. കെഎംഎസ്‌സിഎലിലെ കേന്ദ്രീകൃത സോഫ്റ്റ്‌വെയറിൽ 25% സ്റ്റോക്ക് അവശേഷിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും പല ജില്ലകളിലും യഥാർഥ സ്ഥിതി ഇതല്ല.

കോവിഡ് കാലത്തെ മരുന്ന് ചെലവ് കണക്കാക്കി, വാർഷിക ഇൻഡന്റ് തയാറാക്കിയതിലെ പിഴവാണ് ആശുപത്രികൾക്ക് തിരിച്ചടിയായതെന്നു കെഎംഎസ്‌സിഎൽ അധികൃതർ ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ചതിനേക്കാൾ രോഗികളുടെ എണ്ണം കൂടിയതോടെ മരുന്ന് ചെലവും വർധിച്ചു.

മൂന്നു പാദങ്ങളിലായിട്ടാണ് കമ്പനികൾക്കു വിതരണ ഓർഡർ നൽകാറുള്ളത്. മേയിൽ 40%, ഓഗസ്റ്റിൽ 30%, നവംബറിൽ 30% എന്നിങ്ങനെ. കഴിഞ്ഞ മാസമായപ്പോഴേക്കും മൊത്തം ഓർഡറിന്റെ 90% മരുന്നും എത്തിച്ചു കഴിഞ്ഞു. എന്നിട്ടും ക്ഷാമം നേരിടുന്നത് കണക്കു കൂട്ടലിലെ പിഴവാണെന്നാണ് സൂചന.

ഓരോ ആശുപത്രിക്കും നിശ്ചയിച്ചിരിക്കുന്ന വാർഷിക പരിധിയുടെ 25% വരെ അധികം നൽകുന്നതോടെ ഈ പ്രശ്നം പരിഹരിക്കാമെന്നു മന്ത്രി വീണാ ജോർജ് വിളിച്ചു കൂട്ടിയ യോഗത്തിൽ ധാരണയായി.

നടപടികൾ ലഘൂകരിച്ച്, വെയർഹൗസ് മാനേജർമാർക്കു തന്നെ ഇതിനുള്ള അനുമതി നൽകാനാണ് നിർദേശം. കോഴിക്കോട് വെയർഹൗസിൽ നിന്ന് ഇതു പ്രകാരം മരുന്ന് നൽകിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ടെൻഡർ നടപടികൾ അനിശ്ചിതമായി വൈകിയതും മരുന്ന് വിതരണത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിലിൽ തന്നെ മരുന്നു വിതരണവും ആരംഭിക്കാൻ പാകത്തിൽ ഈയാഴ്ച ടെൻഡർ നടപടികൾ പൂർത്തീകരിക്കും. കെഎംഎസ്‌സിഎലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതെന്ന് അധികൃതർ പറഞ്ഞു

Related posts

മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ല: അന്വേഷണത്തിന് ഉത്തരവ്

Aswathi Kottiyoor

പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്

Aswathi Kottiyoor

പ​​​തി​​​ന​​​ഞ്ച് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

Aswathi Kottiyoor
WordPress Image Lightbox