കേരള നോളേജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാൻ പ്രത്യേക ഊന്നൽ നൽകുന്ന ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നു. ഫെബ്രുവരിയിൽ സർവ്വകലാശാലതലത്തിൽ നടത്തുന്ന തൊഴിൽമേളയിലേക്ക് വിദ്യാർഥിനികളെ എത്തിക്കുന്നതിനായാണ് പ്ലേസ്‌മെന്റ്ഓഫീസർമാർക്ക് പരിശീലനം നൽകുന്നത്. 11 നു തിരുവനന്തപുരം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പരിശീലനം ഉദ്ഘാടനം ചെയ്യും.
തൊഴിൽ അന്വേഷകരായ പെൺകുട്ടികളെ സർവ്വകലാശാല – കോളേജ് തലത്തിൽ സംഘടിപ്പിച്ച്, തൊഴിൽ അവസരങ്ങൾ കണ്ടെത്തി, ആവശ്യമായ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കുന്നതാണ് പദ്ധതി.
കെ.ഡിസ്‌ക് വൈസ്‌ചെയർമാൻ ഡോ. കെ. എം. എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതറോയ് മുഖ്യ പ്രഭാഷണം നടത്തും. കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വി. വിഘ്‌നേശ്വരി, സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ ഡോ. ടി.പി. ബൈജുബായ് എന്നിവർ സംസാരിക്കും. നവകേരള സൃഷ്ടിയിൽ ജ്ഞാന സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണനും തൊഴിലരങ്ങത്തേക്ക് പദ്ധതിയെക്കുറിച്ച് കേരള നോളഡ്ജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകലയും സംസാരിക്കും.