25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലൈൻ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകും: മന്ത്രി ആന്റണി രാജു
Kerala

ലൈൻ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകും: മന്ത്രി ആന്റണി രാജു

അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലൈൻ ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോഴിക്കോട് കൊടുവള്ളിയിലാണ് ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം. ആകെ അപകടങ്ങളിൽ 65 ശതമാനത്തിനും മരണങ്ങളിൽ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ നടത്തുന്നത്.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ മുതൽ മുഴുവൻ ഉദ്യോഗസ്ഥരും പരിശോധനകൾക്കായി റോഡിൽ ഇറങ്ങും. ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിൽ നിർമ്മിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്‌റ്റേഷന്റെയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒൻപതാമത് കമ്പ്യൂട്ടറൈസ്ഡ് സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ സബ് ആർ ടി ഓഫീസിന് കീഴിൽ പുത്തൻകുരിശിന് സമീപം പുറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്തത്. ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി കൂടി ഉപയോഗിച്ച് ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് ട്രാക്ക് കൂടി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കും വെഹിക്കിൾ ടെസ്റ്റിങ്ങ് സ്‌റ്റേഷനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും സർക്കാർ രൂപം നൽകുന്നത്. പരാതികൾ ഉള്ളവർക്ക് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സൗകര്യമാണ് ഉള്ളത്. കൂടുതൽ ഇടങ്ങളിലേക്ക് കൂടി ഇത്തരം സംവിധാനങ്ങൾ വ്യാപിപ്പിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ കെട്ടിക്കിടന്ന പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച വാഹനീയം ഫയൽ തീർപ്പാക്കൽ യജ്ഞത്തിലൂടെ ഒരു വർഷത്തിനിടെ 14 ജില്ലകളിലുമായി ലഭിച്ച പരാതികളിലും അപേക്ഷകളിലും 95 ശതമാനവും പരിഹരിച്ചു. കോടതി വ്യവഹാരം നിലനിൽക്കുന്നതിനാലാണ് നിലവിൽ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ നൽകാൻ കഴിയാത്തത്. ഇതിനെ മറികടക്കാൻ എലഗന്റ് കാർഡുകൾ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശൻ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി എസ് പ്രമോദ് ശങ്കർ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു വിജയൻ, ഊരാളുങ്കൽ സൊസൈറ്റി ഡെലിവറി ഹെഡ് ജോസ് കുന്നേൽ, കിറ്റ്‌കോ ലിമിറ്റഡ് ഗ്രൂപ്പ് ഹെഡ് ജി. രാകേഷ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Aswathi Kottiyoor

റിപ്പോ നിരക്ക്‌ ഉയർത്തി; ബാങ്ക്‌ പലിശ ഉയരും

Aswathi Kottiyoor

റോഡ് നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox