മലയാളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി കോഴിക്കോട്, തൃശൂർ, കൊച്ചി നഗരങ്ങളിലേക്കും. നേരത്തെ മോട്ടോർ തൊഴിലാളി ക്ഷേമിനിധി ബോർഡ് നേതൃത്വത്തിൽ ആഗസ്‌ത് 18ന് തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച കേരള സവാരി വ്യാപിപ്പിക്കാൻ ടെക്‌നിക്കൽ കമ്മിറ്റി അനുമതി നൽകി.
അടുത്താഴ്‌ച തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനമെടുക്കും. കോർപറേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും ഇടത്തരം നഗരങ്ങളിലും രണ്ടാംഘട്ടത്തിൽ സർവീസ് ആരംഭിക്കാനാകും. ആപ്പിന്റെ സെർവർ കപ്പാസിറ്റിയുടെ രണ്ടു ശതമാനമാണ് തിരുവനന്തപുരത്ത് സർവീസിന് ഉപയോഗിക്കുന്നത്.
1061 വാഹനം ആപ്പിലുണ്ട്. 800 ഓട്ടോയാണ്. സർക്കാർ നിശ്ചയിച്ച ചാർജാണ് ഈടാക്കുന്നത്. 500 മുതൽ 750 മീറ്റർവരെ അഞ്ചുരൂപയും അതിനു മുകളിൽ 10 രൂപയും പിക്കപ് ചാർജായി ഡ്രൈവർമാർക്ക് നൽകുന്നുണ്ട്. ഇത് കൂടുതൽ ഡ്രൈവർമാരെ ആകർഷിക്കുന്നു. സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസുകളായ ഊബർ, ഒല, റാപ്പിഡോ എന്നിവയിൽ ഫ്ലക്‌സി നിരക്കാണ്. രാത്രിയിലും തിരക്കേറിയ സമയങ്ങളിലും ഇത്തരം സർവീസുകളിൽ ഉയർന്ന തുകയാണ്.
പുതുവത്സരത്തിൽ യാത്രാ ഇളവ്
പുതുവത്സരത്തിന്റെ ഭാഗമായി കേരള സവാരിയിൽ ഓഫർ. നൂറുരൂപയോ അതിൽ അധികമോ രൂപയ്‌ക്കുള്ള ഓട്ടത്തിന് 10 ശതമാനം ഇളവ്. പരമാവധി 2-0 രൂപ ഇളവ് ലഭിക്കും. കേരള സവാരിയിലേക്ക് മറ്റു ഡ്രൈവർമാരെ എത്തിക്കുന്ന ഡ്രൈവർമാർക്ക് 30 രൂപയും നൽകും. റഫറൽ കോഡ് ഉപയോഗിച്ചായിരിക്കണം മറ്റു ഡ്രൈവർമാരെ ചേർക്കേണ്ടത്. തുക അക്കൗണ്ടിലെത്തും.