25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്
Uncategorized

ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്


തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക്. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താന്‍ രാജ്ഭവന്‍ അനുവാദം നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

രാജ്ഭവനിലെ ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിയുടെ പ്രസ്താവനയുടെ പേരില്‍ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു, മറ്റ് കേസുകള്‍ രൂക്ഷമായിട്ടുള്ളതല്ല എന്നതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുള്ളത്. അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം ഗവര്‍ണര്‍ തേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുകയല്ലാതെ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി മറ്റൊന്നും ചെയ്യാനില്ലെന്ന് ഉപദേശം ലഭിച്ചതായാണ് സൂചന.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Related posts

ആർഷോയുടെ പരാതി: പ്രാഥമികാന്വേഷണത്തിന് മുൻപ് കേസെടുത്തത് ഉന്നത നിർദേശപ്രകാരം

Aswathi Kottiyoor

ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിഎസ് സുനില്‍ കുമാര്‍

Aswathi Kottiyoor

അധ്യാപക ഒഴിവ്.

Aswathi Kottiyoor
WordPress Image Lightbox