വത്തിക്കാൻ സിറ്റി: ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ട്) ആരംഭിക്കുന്ന അന്ത്യകർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ബെനഡിക്ട് പതിനാറാമനെ പുതുവത്സരദിന പ്രാർഥനയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. “ഈ ലോകത്തിൽനിന്ന് ദൈവത്തിനടുത്തേക്കുള്ള യാത്രയിൽ കൂട്ടായിരിക്കാൻ പ്രിയപ്പെട്ട ഇമെരിറ്റസ് പാപ്പ ബെനഡിക്ട് പതിനാറാമനെ പരിശുദ്ധ മാതാവിനെ ഏൽപ്പിക്കുന്നു”വെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
ബെനഡിക്ട് പാപ്പയുടെ അന്ത്യകർമങ്ങൾ ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പാപ്പാമാരുടെ ശവകുടീരത്തിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
2005-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ലക്ഷക്കണക്കിനു വിശ്വാസികളുമെത്തിയിരുന്നു.അനുസ്മരിച്ച് നേതാക്കൾ
ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രനേതാക്കൾ അനുശോചിച്ചു. സഭയോടുള്ള അദ്ദേഹത്തിന്റെ അർപ്പണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രകീർത്തിച്ചു. പരമ്പരാഗത ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷകനായിരുന്നു പാപ്പയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ പറഞ്ഞു.
സാർവത്രിക മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു ബെനഡിക്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. സമൂഹത്തിനു ചെയ്ത സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങി ഒട്ടേറെ നേതാക്കൾ അനുശോചിച്ചു.