സാമ്പത്തികപ്രതിസന്ധിയും സംഘർഷങ്ങളും നിറഞ്ഞതായിരുന്നു 2022-ലെ ലോകം. കോവിഡ് മഹാമാരിക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഭരണമാറ്റങ്ങൾക്കുമെല്ലാം ലോകം സാക്ഷിയായി. ഒമിക്രോൺമൂലമുണ്ടായ കോവിഡ് വ്യാപനത്തിനിടെയാണ് പുതുവർഷം പിറന്നത്. രോഗം കുറഞ്ഞെങ്കിലും വർഷാന്ത്യം വീണ്ടും മഹാമാരിയുടെ ആശങ്കയിലാണ്.
ഉക്രയ്‌ൻ യുദ്ധം
2022 ഫെബ്രുവരി 24ന് റഷ്യ ഉക്രയ്‌നിൽ സൈനിക നടപടി ആരംഭിച്ചു. അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കം തീവ്രമാക്കി. ഉപരോധങ്ങൾക്കു മറുപടിയായി റഷ്യ ഊർജവിതരണം കുറച്ചത് യൂറോപ്പിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു. ഉക്രയ്നില്‍ ഇതുവരെ സൈനികരടക്കം ഏഴായിരത്തോളം മരണം റിപ്പോര്‍ട്ട് ചെയ്തു.
ലോകം ശ്രദ്ധിച്ചത് ബ്രിട്ടനെ
ബ്രിട്ടനിൽ ബ്രക്‌സിറ്റിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. വേതന വർധന ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പണിമുടക്കില്‍. എലിസബത്ത് രാജ്ഞിയുടെ മരണം ഒരു യുഗത്തിന്റെ അവസാനമായി. മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ രാജപദവി ഏറ്റെടുത്തു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രക്ഷോഭത്തീയിൽ ഇറാൻ
ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിൽ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടു. പ്രക്ഷോഭത്തിൽ ഇതുവരെ 490 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേരെ അറസ്റ്റ് ചെയ്‌തു.
ഷിൻസോ ആബേ കൊല്ലപ്പെട്ടു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ വെടിയേറ്റ് മരിച്ചു. നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാരനായ തെത്സുയ യമഗാമിയാണ് കൊലയാളി.
പ്രതീക്ഷ നൽകി കോപ് 27
ഈജിപ്‌തിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (കോപ് 27) കാലാവസ്ഥാ വ്യതിയാനംമൂലം ദരിദ്ര–-വികസ്വര രാജ്യങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്കായി ആഗോളനിധി രൂപീകരിക്കാൻ തീരുമാനിച്ചു.
മൂന്നാം തവണയും ഷി
ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി)യുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും തുടരും.
തീപടർന്ന ശ്രീലങ്ക
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം കലാപമായി. അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കം പരാജയപ്പെട്ടു. ജനങ്ങൾ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തു. പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിച്ച് തീയിട്ടു. പ്രസിഡന്റ് ഗോതബായ രജപക്‌സെ നാടുവിട്ടതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പ്രസിഡന്റായി.
നേപ്പാളിൽ ഭരണമാറ്റം
നേപ്പാളിൽ നേപ്പാൾ കമ്യൂണിസ്റ്റ് പാർടി– മാവോയിസ്റ്റ് സെന്റർ (സിപിഎൻ– എംസി) നേതാവ് പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) പ്രധാനമന്ത്രിയായി. കെ പി ശർമ ഒലിയുടെ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ– യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റുമായി (സിപിഎൻ– യുഎംഎൽ) കൈകോർത്താണ് ഭരണം.
ഇമ്രാൻ ഖാന് അധികാരം നഷ്ടമായി
പാകിസ്ഥാനിൽ അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാൻ ഖാന് അധികാരം നഷ്ടമായി. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി. നവംബർ മൂന്നിന് സർക്കാരിനെതിരായ ലോങ് മാർച്ചിനിടെ ഇമ്രാൻ ഖാനുനേരെ വധശ്രമമുണ്ടായി.
ഇസ്രയേലിൽ വീണ്ടും നെതന്യാഹു
ഭരണപ്രതിസന്ധിയിലായ ഇസ്രയേലില്‍ നഫ്‌താലി ബെനറ്റ്, യായിർ ലാപിഡി എന്നിവർ പ്രധാനമന്ത്രിമാരായി. നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബെന്യാമിൻ നെതന്യാഹു വീണ്ടും അധികാരത്തിൽ.
പ്രകൃതിക്ഷോഭങ്ങൾ
പാകിസ്ഥാനില്‍ പ്രളയത്തിൽ 1716 പേരാണ് മരിച്ചത്. മൂന്നരക്കോടിയോളം ജനങ്ങൾക്ക് വീട് നഷ്ടമായി. അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ നാൽപ്പത്തിനായിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നു. ഉഷ്‌ണതരംഗത്തില്‍ യൂറോപ്പിൽ 15,000 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വർഷാവസാനം കൊടും ശൈത്യമാണ്.
ദുരന്തം
ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷത്തിൽ 174 മരണം. ദക്ഷിണ കൊറിയയിൽ ഹാലോവൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 158 മരണം.
● വൈദ്യശാസ്‌ത്രരംഗത്തെ നിർണായക ചുവടുവയ്‌പായി, പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിലേക്ക് മാറ്റിവച്ചു.
● ന്യൂയോർക്കിൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു. ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ സ്വാധീനവും നഷ്ടപ്പെട്ടു.
● ലോക ജനസംഖ്യ നവംബർ 15ന് 800 കോടി ആയി.