25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ത്യ 2022 ; ന്യൂനപക്ഷങ്ങളുടെ ജീവിതം രാജ്യത്ത് കൂടുതല്‍ ദുസ്സഹമായ വര്‍ഷം
Kerala

ഇന്ത്യ 2022 ; ന്യൂനപക്ഷങ്ങളുടെ ജീവിതം രാജ്യത്ത് കൂടുതല്‍ ദുസ്സഹമായ വര്‍ഷം

മഹാമാരിയുടെ കെടുതിയിൽനിന്ന്‌ സാധാരണ ജീവിതത്തിലേക്ക്‌ രാജ്യം നീങ്ങിത്തുടങ്ങിയെങ്കിലും വര്‍ഷാന്ത്യത്തില്‍ വീണ്ടും കോവിഡ് ഭീതി ഉയരുകയാണ്. നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ ജനം വിധിയെഴുതി. പണത്തിന്റെ മൂല്യം ഇടിഞ്ഞുതാഴുമ്പോള്‍ ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചു. ന്യൂനപക്ഷങ്ങളുടെ ജീവിതം രാജ്യത്ത് കൂടുതല്‍ ദുസ്സഹമായ വര്‍ഷം.

ഹിജാബ്‌ വിലക്കി കർണാടകം
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കി ബിജെപി സർക്കാർ. ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ചത്തെിയ 60 വിദ്യാർഥിനികളെ ക്ലാസിൽ കയറ്റാത്തത്‌ സംഘർഷാവസ്ഥയ്‌ക്ക്‌ വഴിയൊരുക്കി. യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിദ്യാഭ്യാസവകുപ്പ് വിലക്കി. ഹിജാബ് ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതിയും വിധിച്ചു.

നൂപുർ ശർമയുടെ വർഗീയ പരാമർശം
ബിജെപി വക്താവ്‌ നൂപുർ ശർമ ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനിന്ദ നടത്തിയത് രാജ്യാന്തരതലത്തില്‍ ഇന്ത്യക്ക്‌ നാണക്കേടായി. അന്താരാഷ്‌ട്രതലത്തിൽ വ്യാപക പ്രതിഷേധമുയര്‍ന്നു. നൂപുറിനെ ബിജെപി സസ്‌പെൻഡ് ചെയ്തു. മാപ്പ് പറയണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പുകൾ
2022ൽ ഏഴ്‌ സംസ്ഥാനത്താണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഹിമാചലിൽ ബിജെപിയിൽനിന്ന്‌ കോൺഗ്രസ്‌ ഭരണം പിടിച്ചെടുത്തു. പഞ്ചാബിൽ കോൺഗ്രസിനെ ആം ആദ്‌മി അട്ടിമറിച്ചു. ഗാേവ, മണിപ്പുർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ബിജെപി ഭരണം നിലനിർത്തി.

മഹാരാഷ്‌ട്രയിൽ അട്ടിമറി
ശിവസേനയെ പിളർത്തി മഹാരാഷ്‌ട്രയിൽ ബിജെപി ഭരണം പിടിച്ചെടുത്തു. ശിവസേനാ നേതാവ്‌ ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി.

ബിഹാറിൽ വീണ്ടും മഹാസഖ്യം
‌ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ്‌ കുമാർ എൻഡിഎ വിട്ടതോടെ ബിഹാറിൽ ബിജെപിക്ക്‌ ഭരണം നഷ്ടമായി. തുടർന്ന്‌ ആർജെഡി– കോൺഗ്രസ് സഖ്യം അധികാരത്തിലെത്തി. ഇടതുപക്ഷവും സഖ്യത്തെ പിന്തുണയ്‌ക്കുന്നു. നിതീഷ്‌ കുമാർ മുഖ്യമന്ത്രിയായി തുടർന്നു.

മുർമു രാഷ്‌ട്രപതി
ഇന്ത്യയുടെ 15––ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്ന ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തിയാണ്‌. 14–ാം ഉപരാഷ്ട്രപതിയായി ബംഗാൾ മുൻ ഗവർണർ ജഗ്‌ദീപ് ധൻഖർ സ്ഥാനമേറ്റു.

ഖാർഗെ കോൺഗ്രസ്‌ പ്രസിഡന്റ്‌
ഇരുപത്താറ്‌ വർഷത്തിനുശേഷം നടന്ന കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ മല്ലികാർജുൻ ഖാർഗെ വിജയിച്ചു. ശശി തരൂരായിരുന്നു എതിരാളി. 24 വർഷത്തിനുശേഷം നെഹ്‌റു കുടുംബത്തിന്‌ പുറത്തുനിന്ന്‌ ഒരാൾ പ്രസിഡന്റായി.

തലപ്പത്ത് ഇന്ത്യ
ജി20ന്റെ അധ്യക്ഷപദവി ബാലിയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. 2023 സെപ്‌തംബർ ഒമ്പതിനും പത്തിനും ഡൽഹിയിലാണ് ഉച്ചകോടി.

പോപ്പുലർ ഫ്രണ്ടിന്‌ വിലക്ക്‌
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) എട്ട്‌ അനുബന്ധ സംഘടനയെയും യുഎപിഎ പ്രകാരം അഞ്ചു വർഷത്തേക്ക്‌ കേന്ദ്ര സർക്കാർ വിലക്കി. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഉൾപ്പെടെ ഉള്ളവയുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് നടപടി.

അഗ്നിപഥ്
സൈന്യത്തിലേക്ക്‌ താൽക്കാലിക റിക്രൂട്ട്‌മെന്റിന്‌ വഴിയൊരുക്കുന്ന അഗ്നിപഥ്‌ പദ്ധതി നടപ്പാക്കി. നാലുവർഷ സൈനിക പദ്ധതിക്കെതിരെ പ്രതിഷേധം അലയടിച്ചു. ഇതിനിടെ ആദ്യ ബാച്ചിന്റെ നിയമന വിജ്ഞാപനമിറക്കി.

● ഗുജറാത്തിൽ മോർബി ജില്ലയിൽ 143 വർഷം പഴക്കമുള്ള തൂക്കുപാലം തകർന്ന്‌ 135 മരണം.
● രാജ്യത്ത്‌ തെരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ഇന്റർനെറ്റ് സേവനം തുടങ്ങി.
● സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു.

Related posts

കന്നുകാലികള്‍ക്കിനി 15 അക്ക തിരിച്ചറിയല്‍ നമ്പര്‍

Aswathi Kottiyoor

320 കുടുംബങ്ങൾക്ക്‌ തണൽ; മതിപ്പുറത്ത്‌ ഭവനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി

Aswathi Kottiyoor

ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെ; വെല്ലുവിളിച്ച് ​ഗവർണർ

Aswathi Kottiyoor
WordPress Image Lightbox