25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അപകടവിവരങ്ങൾ തത്സമയം ആപ്പിൽ; തട്ടിപ്പ്‌ നടക്കില്ല ; ഐആർഎഡി പദ്ധതി സംസ്ഥാനത്ത്‌ നടപ്പാക്കി
Kerala

അപകടവിവരങ്ങൾ തത്സമയം ആപ്പിൽ; തട്ടിപ്പ്‌ നടക്കില്ല ; ഐആർഎഡി പദ്ധതി സംസ്ഥാനത്ത്‌ നടപ്പാക്കി

വാഹനാപകട വിവരങ്ങളിൽ കൃത്രിമം നടത്തി ഇനി കബളിപ്പിക്കാനാവില്ല. അപകട വിവരങ്ങൾ തത്സമയം ഓൺലൈൻ വഴി രേഖപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് ഡാറ്റാബേസ് (ഐആർഎഡി) പദ്ധതി സംസ്ഥാനത്ത്‌ നടപ്പാക്കിത്തുടങ്ങി. ലോകബാങ്ക്‌ സഹായത്തോടെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

സംസ്ഥാനത്ത്‌ ആലപ്പുഴ, തൃശൂർ ജില്ലകളിലാണ്‌ ആദ്യഘട്ടമായി തുടങ്ങിയത്‌. ഇപ്പോൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. രാജ്യത്തെ റോഡ് അപകട വിവരശേഖരണം കൃത്യവും ഏകീകൃതവുമായി രേഖപ്പെടുത്താൻ ഇതുവഴി സാധിക്കും. ഇതിനായി മൊബൈലും വെബ് ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. പൊലീസ്, ഗതാഗതം, ഹൈവേ, ആരോഗ്യവകുപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചാണ്‌ പദ്ധതി.

അപകടമുണ്ടായാലുടൻ ഫോട്ടോയും വീഡിയോയും സഹിതം ഓൺലൈനായി രേഖപ്പെടുത്താൻ പൊലീസിനാകും. അപകടത്തിന്റെ സ്വഭാവം, വാഹനവിവരം, ഡ്രൈവർമാരുടെ ലൈസൻസ്‌ വിവരങ്ങൾ എന്നിവ സംഭവം നടന്നയുടൻ രേഖപ്പെടുത്തും. ഇതോടെ അപകടങ്ങൾക്കുശേഷം ലൈസൻസ്‌ ഉടമയെയും പരിക്കേറ്റവരെയും വ്യാജമായി ചേർക്കുന്ന രീതി പൂർണമായി അവസാനിക്കും.

കേസ്‌ ഐഡിയിൽ വകുപ്പുകളും മറ്റ്‌ വിവരങ്ങളും അപ്‌ലോഡ്‌ ചെയ്യണം. പരിക്കിന്റെ സ്വഭാവം, മെഡിക്കൽ സർട്ടിഫിക്കറ്റ്‌ എന്നിവ ഓൺലൈനിൽ ലഭിക്കും. ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ ഓൺലൈൻ രേഖകൾ പരിശോധിക്കാനാവും. വാഹനമോഷണം ഉൾപ്പെടെ പെട്ടെന്ന്‌ പിടികൂടാനും ഉപകരിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളും അപകടകാരണങ്ങളും തിരിച്ചറിയാൻ ശേഖരിച്ച ഡാറ്റ വ്യത്യസ്ത ഡാറ്റ അനലിറ്റിക്സ് സാങ്കേതികത ഉപയോഗിച്ച് വിശകലനംചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ തന്ത്രം രൂപീകരിക്കും. ആദ്യഘട്ടത്തിൽ നഗരപരിധിയിലെ സ്‌റ്റേഷനുകളിൽ നടപ്പാക്കിയശേഷം ക്രമേണ എല്ലാ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

Related posts

ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു യുവാവ് മരിച്ചു.*

Aswathi Kottiyoor

ശ്രദ്ധിക്കപ്പെട്ട് കേരളത്തിന്റെ പോർട്ടൽ കോവിഡ്‌ ധനസഹായം : അപേക്ഷകര്‍ കുറഞ്ഞതില്‍ സുപ്രീംകോടതിക്ക്‌ ആശങ്ക .

Aswathi Kottiyoor

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox